
ബംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജെഡിഎസ്. പാർട്ടിയിൽ നിന്ന് പുറത്താക്കണോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കും. ജെഡിഎസ് അദ്ധ്യക്ഷൻ എച്ച്ഡിദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നാണ് ജെഡിഎസ് കരുതുന്നത്. സംഭവത്തെ തുടർന്ന് പാർട്ടി കാരണം കാണിക്കൽ നോട്ടീസും പ്രജ്വലിന് നൽകിയിട്ടുണ്ട്.
ഇതിനിടെ, പ്രജ്വൽ രാജ്യം വിട്ടെന്നും ജർമ്മനിയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവം വിവാദമായതോടെ പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രജ്വലിന്റെ പിതൃസഹോദരനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. പ്രജ്വൽ രാജ്യം വിട്ടെങ്കിൽ പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
'ഞാനായാലും ദേവഗൗഡയായാലും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷണം തുടങ്ങി. വിദേശത്തുനിന്ന് എസ്‌ഐടി സംഘം പ്രജ്വലിനെ തിരികെ കൊണ്ടുവരും. അക്കാര്യത്തിലൊന്നും എനിക്ക് ആശങ്കയില്ല'- കുമാരസ്വാമി അറിയിച്ചു.
ദേവഗൗഡയുടെ മകൻ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന 26നു രണ്ടുദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. 25ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിച്ചു.
വോട്ടെടുപ്പിനു പിറ്റേന്നാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ആദ്യമായി ജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്. ഡി ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ.
രേവണ്ണയുടെ ഭാര്യയുടെ ബന്ധുകൂടിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടിൽ ജോലിക്ക് നിന്ന തന്നെ രേവണ്ണ തന്നെ പീഡിപ്പിച്ചിരുന്നെന്നും പ്രജ്വൽ മകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. നിരവധി സ്ത്രീകളോടൊപ്പമുള്ള രേവണ്ണയുടെ അശ്ലീല വീഡിയോയാണ് പ്രചരിച്ചത്.