
കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. ഇന്ത്യയുടെ എതിർപ്പ് മാനിക്കാതെ ഖാലിസ്ഥാൻ തീവ്രവാദത്തെയും അവരുടെ നേതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കുന്നതുമാണ് ബന്ധം തകരാറിലാക്കുന്നത്. നേരത്തേ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതിന് തിരിച്ചടിയായി, കാനഡയുടെ പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളുടെയും ബന്ധം പാടെ ഉലഞ്ഞത്. ഖാലിസ്ഥാൻ ടെെഗർ ഫോഴ്സിന്റെ കാനഡയിലെ തലവൻ ഹർദീവ് സിംഗ് നിജ്ജാർ 2023 ജൂണിൽ യു.എസ്- കാനഡ അതിർത്തിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെയാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുമായി കനേഡിയൻ പ്രധാനമന്ത്രി തന്നെ രംഗത്തുവന്നത്. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന 'വിശ്വസനീയമായ" ആരോപണത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വഷിച്ചു വരികയാണെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ അന്ന് പറഞ്ഞത്. തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ കാനഡ പുറത്താക്കുകയും ചെയ്തു.
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും തെളിവുകളുടെ അടിസ്ഥാനമില്ലാതെയും ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കുക എന്ന നടപടി ആദ്യം കെെക്കൊണ്ടത് കാനഡയാണ്. ഈ ആരോപണങ്ങൾ അസംബന്ധവും തെളിവില്ലാത്തതുമാണെന്ന് തുടക്കത്തിൽത്തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നതാണ്. ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കിയതിന് മറുപടിയായി കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. ഏതുതരം വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതും വിദേശത്തുവച്ച് വിഘടനവാദികളെ വകവരുത്തുന്നതും ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാൻ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി കാനഡ മാറുന്നതും യുഎസ്, യു.കെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ അതു ശക്തിപ്പെടുന്നതും ഇന്ത്യ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
ഈ രാജ്യങ്ങളിൽ സിഖ് ജനസംഖ്യയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് ട്രൂഡോയുടെ പാർട്ടിയും സർക്കാരും ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. മറ്റൊരു രാജ്യത്ത് വിഘടന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്യുന്നത് പാമ്പിനെ പാലൂട്ടി വളർത്തുന്നതിന് സമമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പാലുകൊടുത്ത കെെകളിൽ തിരിച്ചുകടിച്ചിട്ടുള്ള പ്രവർത്തനങ്ങളാണ് തീവ്രവാദ സംഘടനകളിൽ നിന്ന് എന്നും ഉണ്ടായിട്ടുള്ളത്. ഇത് ഇന്നല്ലെങ്കിൽ നാളെ കാനഡ തിരിച്ചറിയുക തന്നെ ചെയ്യും. ഏറ്റവും ഒടുവിൽ വിവാദമായിരിക്കുന്നത് ട്രൂഡോ ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്ത സംഭവമാണ്. ഇതിൽ ഇന്ത്യ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്.
ഞായറാഴ്ച ടൊറന്റോയിൽ നടന്ന, സിഖ് വംശജരുടെ ഖൽസദിന പരിപാടിയിൽ ട്രൂഡോയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. ഇരുവരും വേദിയിലേക്ക് കയറിയപ്പോഴും പ്രസംഗത്തിനിടയിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. ഇതിനെതിരെ ഒരു വാക്കു പോലും ഉരിയാടാതിരുന്ന ട്രൂഡോ, പകരം സിഖ് വംശജരുടെ അഭിപ്രായ സ്വാതന്ത്യവും അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രസംഗിച്ചത്. ട്രൂഡോയുടെ ഈ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതും, അക്രമാന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യാ- കാനഡ ബന്ധം വരും ദിനങ്ങളിൽ ശത്രുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പോലെയാകില്ലെന്ന് പറയാനാകില്ല. പതിനായിരക്കണക്കിന് മലയാളികൾ ജോലിക്കും വിദ്യാഭ്യസത്തിനുമായി തങ്ങുന്ന ഒരു രാജ്യം കൂടിയാണ് കാനഡ എന്നതിനാൽ ഇക്കാര്യത്തിൽ കേരളത്തിനുള്ള ആശങ്കയും ചെറുതല്ല.