
അബുദാബി: മഴയ്‌ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. റാസൽഖൈമയുടെയും ഫുജൈറയുടെയും കിഴക്ക് - വടക്ക് പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ഇന്ന് ഉച്ച മുതൽ വീടിന് പുറത്തിറങ്ങുമ്പോൾ അധിക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
യെല്ലോ അലർട്ട് പുറപ്പെടുവിച്ച പ്രദേശങ്ങളിൽ രാവിലെ 12.30 മുതൽ രാത്രി എട്ട് മണിവരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണൽ സെന്റർ ഒഫ് മെറ്റീരിയലോളജി അറിയിച്ചിട്ടുണ്ട്. കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വോഗത്തിൽ കാറ്റ് വീശിയേക്കാം. വരും ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്‌തത്. അജ്‌മാൻ, ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലും മഴ ലഭിച്ചു. റാസൽഖൈമയുടെ ചില പ്രദേശങ്ങളിൽ ഇന്നലെ ആലിപ്പഴം വീണിരുന്നു.
ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു. ദുബായുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു. പര്‍വ്വത പ്രദേശങ്ങളിലും ദൈദ് മേഖലയിലും കനത്ത മഴ രേഖപ്പെടുത്തി. മലനിരകളോടുചേര്‍ന്ന താഴ്വാരങ്ങളില് മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥ പരിഗണിച്ച് റാസല്‍ഖൈമയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഉച്ചക്ക് 12 മണിയോടെ ക്ലാസുകൾ അവസാനിപ്പിച്ചിരുന്നു.