curry

മീൻകറി എന്നത് മലയാളികൾക്കൊരു വികാരമാണ്. ദിവസം ഒരുനേരമെങ്കിലും മീൻ കറി കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് സസ്യാഹാരികൾ ഒഴികെയുള്ള മലയാളികൾ. എന്നാൽ ഇന്ന് പലയിടങ്ങളിലും മീൻ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. മാത്രമല്ല ചീഞ്ഞതും അഴുകിയതുമായ മീൻ പിടിച്ചെടുക്കുന്നതും ഇന്ന് വ്യാപകമാവുന്നുണ്ട്. അതിനാൽ തന്നെ മീൻ കറിക്ക് പകരമായി മറ്റ് കറികൾ ഇന്ന് പലരും പരീക്ഷിക്കുന്നുണ്ട്. മീൻ ഇല്ലാതെ തന്നെ വെറും പത്തുമിനിട്ടിൽ ഒരു അടിപൊളി മീൻ കറി തയ്യാറാക്കി നോക്കിയാലോ?

ആദ്യം ഒരു കറിച്ചട്ടി അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം രണ്ട് ടേബിൾ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് അരടീസ്‌പൂൺ ഉലുവ ചേർത്ത് പൊട്ടിവരുമ്പോൾ കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് ചൂടാക്കണം. അടുത്തതായി ആറോ ഏഴോ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞത് എന്നിവകൂടി ചേർത്ത് വഴറ്റിയെടുക്കണം.

എല്ലാം നന്നായി വഴണ്ട് വരുമ്പോൾ പച്ചമുളക് രണ്ടെണ്ണം കീറിയത്, രണ്ട് തക്കാളി കഷ്ണങ്ങളാക്കിയത്, കുറച്ച് ഉപ്പ് എന്നിവകൂടി ചേർത്ത് വഴറ്റണം. അടുത്തതായി ഒരു മിക്‌സി ജാറിൽ മീൻകറിക്ക് ആവശ്യമായ തേങ്ങ ചിരകിയത്, മൂന്ന് ചെറിയ ഉള്ളി, കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്‌പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്‌പൂൺ മുളകുപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവകൂടി ചേർത്ത് അരച്ചെടുക്കണം. ശേഷം ഈ അരപ്പ് നേരത്തെ വഴറ്റിവച്ചിരിക്കുന്നവയിൽ ചേർത്ത് തിളപ്പിക്കണം. അരപ്പിൽ വെള്ളം ചേർക്കാതെ ഒരു മൂന്ന് മിനിട്ട് വഴറ്റിയതിനുശേഷം അവസാനം വെള്ളം ചേർത്ത് തിളപ്പിച്ചാൽ മതിയാവും. ഇതിലേയ്ക്ക് ഒരു നെല്ലിക്കാവലിപ്പത്തിൽ പുളിയെടുത്ത് അതിന്റെ വെള്ളം കൂടി ചേർക്കണം. കറി നന്നായി തിളച്ചുകഴിഞ്ഞ് കറുകുപൊട്ടിച്ച് താളിക്കുകകൂടി ചെയ്താൽ മീനില്ലാത്ത മീൻ കറി റെഡിയായി.