s

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും എം.എൽ.എയുമായ റാംനിവാസ് റവാട്ട് ബി.ജെ.പിയിൽ ചേർന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തിയ ദിവസമാണ് റവാട്ട് പാർട്ടി വിട്ടത്. ആറു തവണ എം.എൽ.എയായിരുന്നു.

ഷിയോപൂരിൽ റാലിയായി എത്തിയാണ് റാംനിവാസ് റവാട്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്,​ സംസ്ഥാന പാർട്ടി അദ്ധ്യക്ഷൻ വി.ഡി.ശർമ്മ,​ മുൻ കേന്ദ്രമന്ത്രി നരോട്ടം മിശ്ര എന്നിവ‌ർ ചേർന്ന് റവാട്ടിനെ സ്വീകരിച്ചു.

ഗ്വാളിയർ- ചമ്പൽ മേഖലയിൽ സ്വാധീനമുള്ള റവാട്ട് നിലവിൽ വിജയ്പൂർ എം.എൽ.എയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്ന രണ്ടാമത്തെ എം.എൽ.എയാണ് റവാട്ട്. മാർച്ച് 29ന് അമ‌ർവാഡ എം.എൽ.എയും മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ വിശ്വസ്തനുമായ കമലേഷ് ഷാ ബി.ജെ.പിയിൽ ചേർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇൻഡോർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച ശേഷം ബി.ജെ.പിയിൽ ചേർന്നത്. മണ്ഡലത്തിലെ സിറ്റിംഗ് എം.പി ശങ്കർ ലാൽവാനിക്കെതിരെയാണ് കോൺഗ്രസ് ബാമിനെ രംഗത്തിറക്കിയത്. 29 ലോക്‌സഭ മണ്ഡലങ്ങൾ ഉള്ള മദ്ധ്യപ്രദേശിൽ 28ഉം ബി.ജെ.പിയുടെ കൈയിലാണ്.