
തിരുവനന്തപുരം: പൊതുപ്രവർത്തകരുടെ പെരുമാറ്റം മാന്യവും പൊതുസമൂഹത്തിന് മാതൃകയാകാവുന്ന തരത്തിലുമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർ ആര്യ രാജേന്ദ്രനും ഭർത്താവായ എം എൽ എയും പക്വതയോടെ പെരുമാറണമായിരുന്നു. ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അയാൾ തെറ്റുകാരനല്ലെന്ന് മാദ്ധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ കണ്ട എല്ലാവർക്കുമറിയാം. തൊഴിലാളി സുഹൃത്തുക്കളുടെ പ്രയാസങ്ങൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഡ്രൈവറുടെ മൊഴിപോലും രേഖപ്പെടുത്താത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. 'പാർട്ടിക്ക് ഇത്രയും അവമതിപ്പുണ്ടാക്കിയ ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. കാരണം പിണറായി വിജയന് ഇ.പി. ജയരാജനെ പേടിയാണ്. ഇന്നലെ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ജയരാജൻ ഇറങ്ങിവന്നത് അങ്കം ജയിച്ച ചേകവരെപ്പോലെയാണ്. ഒരു നടപടിയും ഇ.പി. ജയരാജനെതിരെ ഉണ്ടാകില്ല. ഇത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള പൊളിറ്റിക്കൽ ഡീലാണ്.
അഴിമതിക്കേസുകൾ ഇല്ലാതാക്കാനും അഴിമതിക്കേസുകളിൽനിന്നും രക്ഷപ്പെടാനുമുള്ള ഒരു ഡീലാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ബി ജെ പിയുമായി സി പി എം ഈ ഡീൽ തുടങ്ങിയത്. തുടർഭരണം എന്ന് പറയുന്നത് ബി ജെ പിയുടെ സംഭാവനയാണ്, "- രമേശ് ചെന്നിത്തല പറഞ്ഞു.