
റായ്പൂർ: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളുമുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു.
രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്‌തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും ജവാന്മാർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. കാങ്കർ ജില്ലയിലെ മാദ് എന്ന പ്രദേശത്ത് ശങ്കർ, ലളിത, രൂപി എന്നിവരുൾപ്പെടെയുള്ള മാവോയിസ്റ്റ് കേഡറുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും മേയ് ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന് അന്ന് അക്രമങ്ങൾ നടത്താനുമുള്ള പദ്ധതികളുണ്ടെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഓപ്പറേഷൻ നടത്തിയത്.
പത്ത് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളെ വധിച്ചു.