rain

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനാശ്വാസമായി വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അതേസമയം, പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നുമുതൽ മേയ് രണ്ടുവരെ ഉഷ്‌ണതരംഗ സാദ്ധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാദ്ധ്യത ഉള്ളതിനാൽ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.