
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന സാന്നിദ്ധ്യം അപകടകരമാം വിധം വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും വ്യാപിപ്പിക്കുകയാണ്. ജീവനും വസ്തുവകകൾക്കും ഭീഷണിയാകുന്ന വിധത്തിലാണ് ജനവാസ മേഖലകളിൽ വന്യമൃഗശല്യം വർദ്ധിക്കുന്നത്. ശ്രീലങ്കയിലെ പിന്നാവാല ആന പരിപാലന കേന്ദ്രത്തിന്റെ മാതൃകയിൽ, വനവിസ്തൃതി കൂടുതലുള്ള മേഖലകളിൽ ആന പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ച്, നാടിറങ്ങുന്ന കാട്ടാനകളെ കൂട്ടിലാക്കാൻ വേണ്ട നടപടികൾ ആലോചിക്കേണ്ട സമയമായി. ജനപ്രതിനിധികൾ അടുത്ത വിദേശ സന്ദർശനം നടത്തുമ്പോൾ ശ്രീലങ്കയിലെ പിന്നാവാല കേന്ദ്രം കൂടി കണ്ടു മനസിലാക്കുവാൻ സമയം കണ്ടെത്തണം.
ജനപ്രതിനിധികൾക്ക് ഒപ്പമോ പ്രത്യേകമായോ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ഇവിടെ അയച്ച് സാഹചര്യം പഠിച്ചു വിലയിരുത്തുവാനും, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഒരു പരിപാലന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാനും ആവശ്യമായ നടപടികൾ താമസം കൂടാതെ സ്വീകരിക്കണം. ഇത്തരം ആന പരിപാലന കേന്ദ്രങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വത്തിനും, ഭാവിയിൽ വിനോദ സഞ്ചാരത്തിനും ഉതകുന്ന രീതിയിൽ ഒരുപോലെ ആവശ്യമായിരിക്കുന്നു.
സുനിൽ തോമസ്,
റാന്നി