
ന്യൂയോർക്ക് :ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിംഗ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് യുഎസ് പത്രം പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. “ഗുരുതരമായ വിഷയത്തിൽ അനാവശ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.
ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിംഗ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് യുഎസ് പത്രം പുറത്തുവിട്ടിരുന്നു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും ‘റോ’ ഉദ്യോഗസ്ഥൻ വിക്രം യാദവാണെന്ന് പത്രം വെളിപ്പെടുത്തി. കുറ്റപത്രത്തിൽ സിസി–1 എന്നു സൂചിപ്പിച്ചിരുന്നത് പന്നുവിനെയാണെന്നും മാധ്യമറിപ്പോർട്ടിൽ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താൻ നിഖിൽ ഗുപ്ത എന്ന വ്യക്തിയെ നിയോഗിച്ചത് വിക്രം യാദവ് ആണെന്നാണ് യുഎസ് കുറ്റപത്രത്തിലെ ആരോപണം.