cpm

#ക്ലീൻ ചിറ്റിൽ സി.പി.എമ്മിലും

മുന്നണിയിലും അതൃപ്തി

# അടഞ്ഞ അദ്ധ്യായമല്ലെന്ന്

പാർട്ടി വൃത്തങ്ങൾ

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഇ.പ.ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ക്ളീൻ ചിറ്റ് നൽകിയതിൽ പാർട്ടിയിലും ഇടതു മുന്നണി ഘടകക്ഷികളിലും അസ്വസ്ഥത പടരുന്നു.ബി.ജെ.പി ബാന്ധവത്തിന്റെയും ദല്ലാൾമാരുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെയും പേരിൽ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടപടിയെടുക്കുന്നത് മറ്റ് ചില പ്രത്യാഘാതങ്ങൾസൃഷ്ടിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിഗമനം. അടഞ്ഞ അദ്ധ്യായമല്ലെന്നും തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം

വന്നശേഷം വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.

ഇ.പിക്ക് പാർട്ടി പരസ്യ പിന്തുണ നൽകുന്നതിൽ സി.പി.ഐയ്ക്ക് പുറമെ കേരള കോൺഗ്രസ് എമ്മും അതൃപ്തി

പ്രകടിപ്പിച്ചിട്ടുണ്ട്.തെറ്റായ സന്ദേശമാവും ജനങ്ങൾക്ക് നൽകുകയെന്നാണ് അവരുടെ നിലപാട്.ബി.ജെ.പി

നേതാവുമായുള്ള മുന്നണി കൺവീനറുടെ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇ.പിയുടെ

നടപടി നിഷ്കളങ്കമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ന്യായീകരിക്കുന്നത് തിരിച്ചടിക്കുമെന്നാണ് അവരുടെ ആശങ്ക

സി.പി.എം ഉചിതമായ തീരുമാനമെടുക്കുന്നാണ് അവരുടെ പ്രതീക്ഷ.

നന്ദകുമാറുമായുള്ള മൊബൈൽ ഫോൺ ബന്ധം ഉൾപ്പെടെ ഉപേക്ഷിക്കണമെന്നാണ് ജയരാജനോട് പാർട്ടി ആവശ്യപ്പെട്ടത്. താനുമായുള്ള ഫോൺ ബന്ധം അദ്ദേഹം വിഛേദിച്ചിട്ടില്ലെന്നാണ് നന്ദകുമാർ ഇന്നലെ വെളിപ്പെടുത്തിയത്.തനിക്കെതിരെ ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രനും കെ.സുധാകരനുമെതിരെ നന്ദകുമാർ ഡി.ജി.പിക്കും മറ്റുംപരാതി നൽകുകയും ചെയ്തു.

പാർട്ടിയിൽ വളർന്നു വരുന്ന ദുഷ് പ്രവണതകളുടെയും,അധികാരത്തോടും പദവികളോടുമുള്ള ആർത്തിയുടെയുംപരിഛേദമായാണ് പാർട്ടിയുടെ നന്മ ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം നേതാക്കളും അണികളും ഇ.പി വിവാദത്തെ കാണുന്നത്. തിരുത്തൽ നടപടികൾക്ക് നേതൃത്വം തയ്യാറാവുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

ശോഭാ സുരേന്ദ്രനെതിരെ

ബി.ജെ.പിയിൽ പടയൊരുക്കം

താനും ഇ.പി.ജയരാജനുമായുള്ള കൂടിക്കാഴ്ച ശോഭാ സുരേന്ദ്രൻ വിവാദമാക്കിയതിലുള്ള നീരസം ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പ്രകടിപ്പിച്ചിരുന്നു. പിന്നാലെ,ശോഭയ്ക്കെതിരെ കുത്തുവാക്കുമായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും കെ.സുരേന്ദ്രൻ പക്ഷക്കാരനുമായ സി.രഘുനാഥ് ഇന്നലെ രംഗത്ത് വന്നു.ബി.ജെപിയിൽ അംഗങ്ങളെ

ചേർക്കുന്നത് ദല്ലാളുകൾ വഴിയല്ലെന്നായിരുന്നു വിമർശനം.എന്നാൽ,ശോഭ അവരുടെ അനുഭവമാണ് വെളിപ്പെടുത്തിയതെന്നും അതിൽ തെറ്റില്ലെന്നും സുരേന്ദ്രൻ വിരുദ്ധ പക്ഷക്കാരനും പാർട്ടി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് ന്യായീകരിച്ചു.