
സെലക്ടർമാർക്ക് ഒഴിവാക്കാനാവാതെ സഞ്ജു സാംസൺ
റിഷഭ് പന്തും ചഹലും തിരിച്ചെത്തി
രാഹുൽ പുറത്ത്, ഗില്ലും റിങ്കുവും റിസർവ്
മുംബയ് : മിക്ക ഇന്ത്യൻ ടീം പ്രഖ്യാപനങ്ങളിലും ആദ്യം ഒഴിവാക്കപ്പെടുന്ന ആൾ എന്ന നിലയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത ആളായി സഞ്ജു സാംസൺ മാറിയ സ്ഥിതിയാണ് ഇക്കുറി ട്വന്റി-20 ലോകകപ്പിന് ടീമിനെ തിരഞ്ഞെടുക്കാനിരിക്കുമ്പോൾ സെലക്ടർമാർക്ക് ഉണ്ടായിരുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്കായിരുന്നു ഏറ്റവും കൂടുതൽ 'അപേക്ഷകർ". ഐ.പി.എൽ ഇല്ലാത്തപ്പോൾ കമന്റേറാകുന്ന ദിനേഷ് കാർത്തിക്കും ബി.സി.സി.ഐയുടെ ഗുഡ് ബുക്കിൽ നിന്ന് പുറത്തായ ഇഷാൻ കിഷനും യുവതാരങ്ങളായ ജിതേഷ് ശർമ്മയും ധ്രുവ് ജുറേലും ആദ്യ റൗണ്ടുകളിൽ തന്നെ പുറത്തായപ്പോൾ മൂന്ന് പേരാണ് അവശേഷിച്ചത് ; കെ.എൽ രാഹുൽ, റിഷഭ് പന്ത്,സഞ്ജു സാംസൺ. ഇവരിൽ ഏറ്റവും പരിചയസമ്പന്നനായ രാഹുലിനെ ഒഴിവാക്കിയാണ് സെലക്ടർമാർ പന്തിനെയും സഞ്ജുവിനെയും ലോകകപ്പ് ടീമിലേക്കെടുത്തത്.
ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് മൂവരും നടത്തിയതെങ്കിലും ഫിനിഷർ റോളിലുള്ള മികവ് പന്തിനും സഞ്ജുവിനും ഗുണകരമായെന്ന് വേണം പറയാൻ. ഒൻപത് മത്സരങ്ങളിൽ എട്ട് ജയവും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ. സഞ്ജുവിന്റെ വ്യക്തിഗത മികവിനും നേതൃപാടവത്തിനുമൊപ്പം സ്ഥിരതയുടെയും കൂടി വിജയമാണിത്. ഒമ്പത് കളികളിൽ നിന്ന് 385 റൺസ് നേടിയ സഞ്ജു ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ആറാമതാണ്. നാല് അർദ്ധ സെഞ്ച്വറികളാണ് സഞ്ജു ഈ സീസണിൽ നേടിയത്. ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങളിൽ മികവ് കാട്ടുകയും പിന്നീട് സ്ഥിരത കാട്ടാതിരിക്കുകയും ചെയ്യുന്നു എന്ന പരാതിക്കും സഞ്ജു ഇക്കുറി ഇടം നൽകിയില്ല.പുറത്താവാതെ നേടിയ 82 റൺസാണ് ഉയർന്ന സ്കോർ. റൺ സ്കോറിംഗിൽ ഒന്നാം സ്ഥാനത്തുള്ള വിരാടിനേക്കാൾ ബാറ്റിംഗ് ആവറേജിലും സ്ട്രൈക്ക് റേറ്റിലും മുന്നിലാണ് സഞ്ജു. ആദ്യ പത്തിൽ സഞ്ജുവിനേക്കാൾ സ്ട്രൈക്ക് റേറ്റുള്ളത് ട്രാവിസ് ഹെഡിനും സുനിൽ നരെയ്നും മാത്രം. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയെങ്കിലും സഞ്ജുവിന് 25 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു ഐ.സി.സി. ടൂർണമെന്റിനുള്ള ടീമിലെത്തുന്നത്.
398 റൺസോടെ റിഷഭ് പന്ത് നാലാമതുണ്ടെങ്കിലും 11 കളികളിൽനിന്നാണ് ഇത്രയും റൺസ് നേടിയത്. വാഹനാപകടത്തിൽ നിന്ന് രക്ഷപെട്ടശേഷം ഈ ഐ.പി.എല്ലിലൂടെയാണ് പന്ത് കളിക്കളത്തിൽ തിരിച്ചെത്തിയത്. ക്യാപ്ടനായി ശോഭിക്കാനാവുന്നില്ലെങ്കിലും ബാറ്റർ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും മികച്ച ഫോമിലാണ് പന്ത്. ഒൻപത് കളിയിൽ 378 റൺസോടെ രാഹുൽ ഏഴാമതുണ്ട്. പക്ഷേ സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനും പന്തിനും പിന്നിലാണ്.
പ്ളേയിംഗ് ഇലവനിലാര് ?
ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്താണെന്നാണ് സെലക്ടർമാരുടെ പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാകുന്നത്. പ്ളേയിംഗ് ഇലവനിൽ സഞ്ജുവിന് സ്ഥാനം ലഭിക്കുന്നത് ഉറപ്പില്ല. ബാറ്റർ മാത്രമായി സഞ്ജുവിനെയോ റിഷഭിനെയോ കളിപ്പിക്കേണ്ട സാഹചര്യവും നിലവിലില്ല.
ഇന്ത്യൻ ടീം : രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസർവ് താരങ്ങൾ : ശുഭ്മാൻ ഗിൽ,റിങ്കു സിംഗ്,ഖലീൽ അഹമ്മദ്,ആവേശ് ഖാൻ.