s

വാഷിംങ്ടൺ: ഇന്ത്യയിലെ സ്റ്റുഡന്റ് വിസ അപേക്ഷകൾക്ക് യുഎസ് എംബസിയും കോൺസുലേറ്റുകളും മുൻഗണന നൽകുന്നതായി റിപ്പോർട്ട്. അമേരിക്കന്‍ സെന്ററിൽ നടന്ന അഭിമുഖത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് ഇക്കാര്യം വിശദീകരിച്ചത്. വിസ കാത്തിരിപ്പ് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശമാണ് ഇന്ത്യൻ സ്റ്റുഡന്റ് വിസകള്‍ക്ക് അനുകൂലമായത്.

2022-ൽ, ഇന്ത്യയിലെ യുഎസ് കോണ്‍സുലര്‍ ടീം 1,40,000 വിദ്യാർത്ഥി വിസകൾ അനുവദിച്ചു. ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണ്. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിൽ അക്കാദമിക് അവസരങ്ങൾ തേടുന്നതിനാൽ ഈ റെക്കോർഡ് ബ്രേക്കിംഗ് എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഓക്സ്ഫോർഡ് ഇന്റർനാഷണലിന്റെ സ്റ്റുഡന്റ് ഗ്ലോബൽ മൊബിലിറ്റി ഇൻഡക്സ് (എസ്ജിഎംഐ) എന്ന സമീപകാല റിപ്പോർട്ട് അനുസരിച്ച് വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന 69 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഇഷ്ടകേന്ദ്രമായി യുഎസ് തുടരുന്നു. 54 ശതമാനവുമായി യുകെ രണ്ടാം സ്ഥാനത്തും കാനഡ മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ നാലാമതുമാണ്.

കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസത്തിനായി അമേരിക്കന്‍ സർവ്വകലാശാലകൾ തിരഞ്ഞെടുക്കുന്നതിനാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുകയും, ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ദീർഘകാല ബന്ധം വളർത്തിയെടുക്കുകയും ചെയ്യുമെന്ന് അംബാസഡർ ഗാർസെറ്റി അഭിപ്രായപ്പെട്ടു.