s

മേമാരി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് എത്താതിരുന്നത് വോട്ടുബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന് ഭയന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ മേമാരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബാധിപത്യ രാജ്യമാണോ രാമരാജ്യമാണോ ജനങ്ങൾക്കുവേണ്ടതെന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. സന്ദേശ്ഖാലിയിലെ കുറ്രവാളികളെ സംരക്ഷിക്കാനാണ് ത്രിണമൂൽ കോൺഗ്രസ് ശ്രമം. ബി.ജെ.പി അവരെ നിയമത്തിനു മുന്നിലെത്തിക്കും. ബംഗാളിൽ മരുമകൻ മുഖ്യമന്ത്രി ആകണോ അതോ നരേന്ദ്രമോദി രാജ്യം ഭരിക്കണോയെന്നും ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും. മമതയും മരുമകനും ചേർന്ന് ബി.ജെ.പി പ്രവർത്തകരെ ദ്രോഹിക്കുകയാണ്. എന്തൊക്കെ ചെയ്താലും ത്രിണമൂലിന് തോൽവി ആസന്നമാണെന്നും ഷാ പറഞ്ഞു.

 

രാഹുലിനും വിമർശനം

രാഹുൽ ഗാന്ധി രാഷ്ട്രീയത്തെ മറ്റൊരു താഴ്ന്ന തലത്തിലേക്ക് എത്തിച്ചെന്ന് അമിത് ഷാ പരിഹസിച്ചു. തന്റേയും ബി.ജെ.പി നേതാക്കളുടെയും വ്യാജ വീഡിയോകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാക്കൾക്കെതിരെ വ്യാജ വീഡിയോ ഉണ്ടാക്കേണ്ട നിലയിലേക്ക് കോൺഗ്രസ് എത്തി. സംസ്ഥാന മുഖ്യമന്ത്രിമാരും സംസ്ഥാന അദ്ധ്യക്ഷന്മാരും ഉൾപ്പെടെ ഇത് പ്രചരിപ്പിച്ചു. ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ഒരു പ്രമുഖ നേതാവിനെതിരെ ക്രിമിനൽ കുറ്രം ചുമത്തപ്പെട്ടെന്നും ഷാ പറഞ്ഞു.

രാഹുലിനും പ്രിയങ്കയ്ക്കും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാൻ ആത്മവിശ്വാസമില്ല. അതാണ് ആശയക്കുഴപ്പത്തിനു കാരണം. ഉത്തർപ്രദേശിൽ കോൺഗ്രസ് തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളിൽ പോലും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.