
കൊല്ലം: കൊടുംചൂടിനിടെ കൊല്ലം ജില്ലയിൽ ശക്തമായ വേനൽമഴ. ഇടിമിന്നലോട് കൂടിയുള്ള മഴയിൽ ഒരാൾ മരിച്ചു. കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് കശുവണ്ടി ഫാക്‌ടറിയിലെ സെക്യൂരിറ്റിയായ അടൂർ മണ്ണടി സ്വദേശി തുളസീധരൻപിള്ള(65)ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ട് 3.45ഓടെ ഓണമ്പലം സെന്റ് മേരീസ് കാഷ്യൂ ഫാക്‌ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു തുളസീധരൻ പിള്ള ഇതിനിടെയാണ് ശക്തമായ മിന്നലേറ്റത്. കിഴക്കേ കല്ലടയിൽ കശുവണ്ടി ഫാക്‌ടറി ജീവനക്കാരിക്ക് ഇടിമിന്നലേറ്റു. മുട്ടം സ്വദേശിനി പ്രസന്നകുമാരി(54)ക്കാണ് പരിക്കേറ്റത്. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പകൽ ശക്തമായ ചൂടുണ്ടായിരുന്ന കൊല്ലത്ത് വൈകിട്ടോടെയാണ് കനത്ത ഇടിമിന്നലോടെ മഴ പെയ്‌തത്. ജില്ലയിലാകെ ശക്തമായ ഇടിമിന്നലുണ്ടായി. ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ഇടിമിന്നലോടെ മഴ പെയ്‌തു. വർക്കല കല്ലുവാതുക്കൽ നടയ്‌ക്കലിൽ വീട് ഇടിമിന്നലിൽ തകർന്നു. നടയ്‌ക്കൽ വസന്തയുടെ വീടാണ് തകർന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികളടക്കം മൂന്നുപേരെ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വരുന്ന മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.