
ഇംഫാൽ: വംശീയകലാപം നടന്ന മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകൾ പൊലീസ് വാഹനത്തിൽ അഭയം തേടിയപ്പോൾ താക്കോൽ ഇല്ലെന്ന് പറഞ്ഞ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് വാഹനത്തിൽ ഇവരെ രക്ഷിക്കാൻ ശ്രമിച്ചില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അക്രമികൾ വീടുകൾ കത്തിച്ചപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങൾ കാട്ടിലൊളിച്ചു. ആയുധങ്ങളുമായി പിന്നാലെയെത്തിയ അക്രമികൾ ഇവരെ കാട്ടിൽനിന്ന് തുരത്തി. സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു.
ഇതിൽ രണ്ട് സ്ത്രീകൾ പൊലീസിന്റെ വാഹനത്തിൽ കയറി രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ചു. ഇരകളായ രണ്ട് പുരുഷൻമാരും വാഹനത്തിൽ കയറി. ഇവരെ സഹായിക്കാതെ പൊലീസ് സ്ഥലത്തുനിന്ന് പോയി. അക്രമികൾ ഇരകളെ വാഹനത്തിനുള്ളിൽ നിന്ന് വലിച്ചിറക്കി നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
മേയ് മൂന്നിനാണ് ചുരാചന്ദ്പൂരിൽ സംഭവം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അതിനിടെ,
മണിപ്പൂരിൽ മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ സൈന്യത്തെ തടഞ്ഞു. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.