
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്ലർ നയിക്കുന്ന ടീമിലേക്ക് പേസർ ജോഫ്ര ആർച്ചർ മടങ്ങിയെത്തി. ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, സാം കറാൻ, വിൽ ജാക്സ്, ലിയാം ലിവിംഗ്സ്റ്റൺ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. പരിക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ജൊഫ്ര ആർച്ചറിന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് നേരിട്ട് എൻട്രി നൽകുകയായിരുന്നു.
2019ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ആർച്ചർ 15 ട്വന്റി -20 മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. 2022 ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി-20 ലോകകപ്പ് കളിക്കാൻ 29 വയസ്സുകാരനായ താരത്തിനു സാധിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് ആർച്ചർ ഒടുവിൽ കളിച്ചത്. പരുക്കുമാറി തിരിച്ചുവരുന്നതിന്റെ ഭാഗമായി ബാർബഡോസിലും ഇംഗ്ലണ്ടിലും നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരങ്ങളിൽ ആർച്ചർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോകകപ്പ് കളിച്ച ഒൻപതു താരങ്ങളുമായാണ് നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ട് ടീം
ജോസ് ബട്ട്ലർ (ക്യാപ്ടൻ), മൊയീൻ അലി, വിൽ ജാക്സ്, ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ഹാരി ബ്രൂക്ക്, ആദിൽ റാഷിദ്, സാം കറാൻ, ഫിൽ സാൾട്ട്, ബെൻ ഡക്കറ്റ്, റീസ് ടോപ്‍ലെ, ടോം ഹാർട്ട്ലി, മാർക് വുഡ്.