kseb

കൊച്ചി: ഈ ചൂട് കാലത്ത് ഫാന്‍ പ്രവര്‍ത്തിപ്പിക്കാതെ ഒരു നിമിഷമെങ്കിലും ഇരിക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. സംസ്ഥാനത്ത് പവര്‍കട്ട് പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ട് ആശ്വാസം എന്ന് പറയാം. പക്ഷ് പവര്‍കട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അപ്രഖ്യാപിതമായി അത് നടക്കുന്നുണ്ട്. മിക്കവാറും എല്ലാ മേഖലയിലും ഇതാണ് അവസ്ഥ. കൊച്ചിയില്‍ പക്ഷേ ഇക്കാര്യം പരിധി വിട്ടതോടെ കെഎസ്ഇബി ഓഫീസിലേക്ക് ജനം ഇരച്ചെത്തി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്. രാത്രികാലത്തെ അപ്രഖ്യാപിത പവര്‍കട്ട് പതിവായത് കാരണം വിയര്‍ത്തൊഴുകി ഉറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായതോടെയാണ് ജനം ഓഫീസിലേക്ക് എത്തിയത്.ഇടപ്പള്ളി മഠം ജംഗ്ഷന്‍, മൈത്രി നഗര്‍, കലൂര്‍, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളില്‍നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷന്‍ ഓഫീസിലേക്ക് എത്തിയത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസും സ്ഥലത്തെത്തി.

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്ന് ജനങ്ങള്‍ നിലപാടെടുത്തതോടെ പൊലീസും കെ.എസ്.ഇ.ബി. അധികൃതരും കുടുങ്ങുകയും ചെയ്തു. കുറച്ച് ദിവസമായി രാത്രി 11 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്ന അവസ്ഥയുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും പരിഹാരം കാണാതായതോടെയാണ് ജനം പ്രതികരിച്ചത്. കഴിഞ്ഞദിവസം രാത്രി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല.

പലതവണ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിക്കാതായതോടെയാണ് പലഭാഗത്തുനിന്നും ജനങ്ങള്‍ കൂട്ടത്തോടെ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് എത്തിയത്. വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാതായതോടെ കുട്ടികളുമായി സ്ത്രീകളും സെക്ഷന്‍ ഓഫീസിലേക്കെത്തുകയായിരുന്നു. വൈദ്യുതി ലൈനുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ ലോഡ് വന്നതാണ് പ്രശ്‌നമായതെന്ന് കെ.എസ്.ഇ.ബി. വിശദീകരിച്ചെങ്കിലും ജനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.