
തിരുവനന്തപുരം: കനത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. ചൂടു് കടുത്ത് നില്‍ക്കുന്ന സമയമായ രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ പശുക്കളേയും ആടുകളേയും തുറസ്സായ സ്ഥലത്ത് മേയാന്‍ വിടരുതെന്നാണ് ക്ഷീര കര്‍ഷകര്‍ക്കുള്ള മുന്നറിയിപ്പ്. അതോടൊപ്പം കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മുതല്‍ വൈകിട്ടു നാലു വരെയുള്ള സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
'തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്‌ളര്‍, നനച്ച ചാക്കിടുന്നത് തുടങ്ങിയവയും ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സഹായിക്കും. കന്നുകാലികള്‍ക്കായി ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കറവപശുക്കള്‍ക്ക് 80- 100 ലിറ്റര്‍ വെള്ളം വരെ ദിവസവും നല്‍കണം. അതൊടൊപ്പം ആവശ്യത്തിന് പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.' മികച്ച കാലിത്തീറ്റ രാവിലെയും വൈകുന്നേരവും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗഡോക്ടറുടെ സഹായം ആവശ്യമെങ്കില്‍ കൃത്യമായി തേടുകയും ഉപദേശം സ്വീകരിക്കുകയും വേണം.
വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു.' ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.
'ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ഇതു നിയന്ത്രിക്കുന്നതിനു കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂര്‍ണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി കറവ ക്രമീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.