
മുംബയ് ഇന്ത്യൻസ് 144/7, ലക്നൗ സൂപ്പർ ജയ്ന്റ്സ് 145/6
ലക്നൗ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെതിരെ നാലുവിക്കറ്റിന് ജയിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 144 റൺസടിച്ചു. മറുപടിക്കിറങ്ങിയ ലക്നൗ നാലുപന്തുകളും നാലു
വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. സീസണിലെ ആറാം വിജയത്തോടെ ലക്നൗ 12 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 10 മത്സരങ്ങളിൽ ഏഴാം തോൽവി വഴങ്ങിയ മുംബയ് ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
27 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്ന മുംബയ്‌യെ ഇഷാൻ കിഷൻ (32), നെഹാൽ വധേര(46), ടിം ഡേവിഡ് (35*) എന്നിവരുടെ പോരാട്ടമാണ് 144ലെത്തിച്ചത്.
രണ്ടാം ഓവറിൽതന്നെ രോഹിത് ശർമ്മയെ (4) സ്റ്റോയ്നിസിന്റെ കയ്യിലെത്തിച്ച് മൊഹ്സിൻ ഖാൻ മുംബയ്‌ക്ക് ആദ്യ പ്രഹരമേൽപ്പിച്ചിരുന്നു. മൂന്നാം ഓവറിൽ സ്റ്റോയ്നിസ് സൂര്യകുമാർ യാദവിനെ (10) കീപ്പർ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ചു. ആറാം ഓവറിന്റെ ആദ്യ പന്തിൽ തിലക് വർമ്മ (7) റൺഒൗട്ടാവുകയും അടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യയെ നവീൻ ഉൽഹഖ് ഗോൾഡൻ ഡക്കാക്കുകയും ചെയ്തതോടെയാണ് മുംബയ് 27/4 എന്ന നിലയിലായത്. തുടർന്ന് ക്രീസിലൊരുമിച്ച ഇഷാനും നെഹാലും ചേർന്ന് 53 റൺസ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത് മുംബയ്ക്ക് ആശ്വാസം നൽകി.
36 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കം 32 റൺസ് നേടിയ ഇഷാനെ 14-ാം ഓവറിൽ രവി ബിഷ്ണോയ്‌യാണ് പുറത്താക്കിയത്. തുടർന്ന് നെഹാലും ഡേവിഡും ചേർന്ന് 115ലെത്തിച്ചു.41 പന്തുകൾ നേരിട്ട് നാലുഫോറുകളും രണ്ട് സിക്സുകളും നെഹാൽ പായിച്ചു. 18 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പായിച്ച ടിം ഡേവിഡാണ് 144 വരെയെത്തിച്ചത്.
മറുപടിക്കിറങ്ങിയ ലക്നൗവിന് വേണ്ടി മാർക്കസ് സ്റ്റോയ്നിസ് 45 പന്തുകളിൽ ഏഴ് ഫോറുകളും രണ്ട് സിക്സുകളുമടക്കം 62 റൺസ് നേടി നെടുംതൂണായി മാറി. കെ.എൽ രാഹുൽ (28),ദീപക് ഹൂഡ(18), നിക്കോളാസ് പുരാൻ (14) എന്നിവരും ലക്നൗവിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മായാങ്കിന് വീണ്ടും പരിക്ക്
പരിക്ക് മാറി ഇന്നലെ വീണ്ടും കളിക്കാനെത്തിയ ലക്നൗ പേസർ മായാങ്ക് യാദവിന് മുംബയ് ഇന്ത്യൻസിനെതിരെയും തന്റെ നാലാോവറുകൾ പൂർത്തിയാക്കാനായില്ല.ഇംപാക്ട് പ്ളേയറായി ഇറങ്ങിയ മായാങ്കിന് 3.1 ഓവറേ എറിയാനായുളളൂ. അപ്പോഴേക്കും പരിക്കേറ്റ് മടങ്ങേണ്ടിവന്നു.
ഇന്നത്തെ മത്സരം
ചെന്നൈ Vs പഞ്ചാബ്
7.30 മുതൽ