ep-

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണ വിവാദത്തിന് പിന്നാലെ നിയമനടപടി ആരംഭിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപവാദമുണ്ടാക്കുന്നതരത്തില്‍ പ്രതികരണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സിപിഎമ്മിനേയും വ്യക്തിപരമായി തന്നെയും മോശക്കാരനാക്കുന്നതിനും അധിക്ഷേപിക്കുന്നതിനും ഗൂഢാലോചനയും കള്ളപ്രചാരണവും നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ ഇ.പി ജയരാജന്‍ ആരോപിക്കുന്നത്. വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ് മൂന്ന് പേരും ഉന്നയിച്ചതെന്നും ഇതിലൂടെ പാര്‍ട്ടിയേയും തന്നെയും മോശക്കാരായി ചിത്രീകരിക്കുന്നതിന് സാഹചര്യമുണ്ടായെന്നും ഇ.പി പറയുന്നു.

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി നോട്ടീസ് അയച്ചത്.

ഇ പി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്. 1995 ഏപ്രിലില്‍ രണ്ട് ബിജെപി ക്കാരാണ് ട്രെയിനില്‍ വച്ച് ഇ പി യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ പറയുന്നു.