pension

അമരാവതി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ സഖ്യം. ആന്ധ്രപ്രദേശില്‍ ടിഡിപി, ജനസേന, ബിജെപി സഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് യോഗ്യരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ വീതം പെന്‍ഷന്‍ നല്‍കും എന്നതാണ് പ്രകടനപത്രികയിലെ മുഖ്യ ആകര്‍ഷണം.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുമെന്നും എന്‍.ഡി.എ സഖ്യം വാഗ്ദാനം ചെയ്തു.സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, എല്ലാ വീട്ടിലും പ്രതിവര്‍ഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകള്‍, സ്‌കൂളില്‍ പോകുന്ന ഓരോ കുട്ടിക്കും പ്രതിവര്‍ഷം 15,000 രൂപ എന്നിവയും നല്‍കുമെന്ന് ടി.ഡി.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്‍.ഡി.എ തമ്മിലുള്ള സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടി.ഡി.പി 144 നിയമസഭാ മണ്ഡലങ്ങളിലും 17 ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പി ആറ് ലോക്‌സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും മത്സരിക്കും. രണ്ട് ലോക്‌സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും ജനസേന മത്സരിക്കും.

ആന്ധ്രാപ്രദേശിലെ 175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കും മെയ് 13 ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍ നടക്കുക.