crime

തിരുവനന്തപുരം: പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ച് നാട്ടുകാര്‍. തിരുവനന്തപുരം കഠിനംകുളത്തിന് സമീപം പുതുക്കുറിച്ചിയിലാണ് സംഭവം. രാത്രി ഏഴ് മണിയോടെ പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയത്.

ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ മാത്രമാണ് ആദ്യം സ്ഥലത്ത് എത്തിയത്.

പിന്നീട് പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിലങ്ങ് അഴിച്ച് വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു പൊലീസിന്. സ്ഥലത്ത് പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും ചെയ്തു.

എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. തമ്മിലടിച്ച സംഘത്തിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തീരദേശമായതിനാല്‍ തന്നെ രാത്രി കൂടുതല്‍ നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് പൊലീസും.