
ലക്‌നൗ: ഐപിഎല്‍ സീസണില്‍ തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാനാകാതെ മുംബയ് ഇന്ത്യന്‍സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് നാല് വിക്കറ്റിന് തോറ്റതോടെ മുംബയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിച്ചാലും അവര്‍ക്ക് മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിക്കേണ്ടി വരും അവസാന നാലില്‍ എത്താന്‍. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ അവസാന ഓവറില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.
സ്‌കോര്‍: മുംബയ് ഇന്ത്യന്‍സ് 144-7 (20), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 145-6 (19.2)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് മുന്‍നിര പൊരുതാന്‍ പോലും കൂട്ടാക്കാതെ മടങ്ങിയപ്പോള്‍ സ്‌കോര്‍ 5.2 ഓവറില്‍ നാലിന് 27 എന്ന നിലയിലായിരുന്നു. രോഹിത് ശര്‍മ്മ 4(5), സൂര്യകുമാര്‍ യാദവ് 10(6), തിലക് വര്‍മ്മ 7(11), ഹാര്‍ദിക് പാണ്ഡ്യ 0(1) എന്നിവരാണ് ആദ്യം പുറത്തായത്. ഇഷാന്‍ കിഷന്‍ 32(36), നെഹാല്‍ വധേര 46(41) എന്നിവര്‍ ടീമിനെ കരകയറ്റി. അവസാന ഓവറുകളില്‍ ടിം ഡേവിഡ് 35*(18) റണ്‍ നിരക്ക് ഉയര്‍ത്തിയതോടെയാണ് സ്‌കോര്‍ 144ല്‍ എത്തിയത്.
മറുപടി ബാറ്റിംഗില്‍ തകര്‍പ്പന്‍ ഫോമിലുള്ള മാര്‍ക്കസ് സ്‌റ്റോയിനിസ് നേടിയ അര്‍ദ്ധ സെഞ്ച്വറി 62(45) എല്‍എസ്ജിക്ക് തുണയായി. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 28(22), ദീപക് ഹൂഡ 18(18), നിക്കോളസ് പൂരന്‍ 14*(14) എന്നിവരും അവസരത്തിനൊത്ത് ബാറ്റ് വീശിയപ്പോള്‍ ലക്‌നൗ വിജയത്തിലേക്ക് എത്തുകയായിരുന്നു. മുംബയ്ക്ക വേണ്ടി ഹാര്‍ദിക് പാണ്ഡ്യ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി തിളങ്ങിയെങ്കിലും ജയിക്കാന്‍ അത് മതിയായില്ല. അതേസമയം, ജയത്തോടെ ലക്‌നൗ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.