
പേരു പോലെ മലകളുടെ പുറമാണ് മലപ്പുറം. ചുറ്റും പച്ചപ്പെങ്കിലും മലപ്പുറത്ത് ഇത്തവണ പതിവില്ലാത്ത ചൂടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ ചൂട് പ്രകടം. യു.ഡി.എഫിനായി മുസ്‌ലിം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീറും എൽ.ഡി.എഫിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും എൻ.ഡി.എയ്ക്കായി കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുസലാമും മലപ്പുറത്തെ ചൂട് കനപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കു നിന്നാലും വിജയിക്കുന്ന മണ്ഡലമെന്ന ആത്മവിശ്വാസമാണ് ലീഗിന്റെ കരുത്ത്. 2004- ൽ ടി.കെ.ഹംസയിലൂടെ മണ്ഡലം ചുവന്നതിലാണ് ഇടതു പ്രതീക്ഷ. മോദി തംരംഗത്തിൽ വോട്ട് വിഹിതം വർദ്ധിക്കുമെന്ന് എൻ.ഡി.എയും കരുതുന്നു.
ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ മണ്ഡലത്തിൽ കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും നിയമങ്ങളും തന്നെ മുഖ്യചർച്ച. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ചൂടേറിയ ചർച്ചയാവുന്ന മണ്ഡലത്തിൽ വികസനം മുഖ്യ ചർച്ചയേയല്ല. ന്യൂനപക്ഷ വോട്ടിന്റെ മനസ്സ് വികസനത്തിലല്ല ഇപ്പോൾ തട്ടിനിൽക്കുന്നതെന്ന് ഇടതിനും വലതിനും അറിയാം!
ചോരുമോ
വോട്ട്?
അംഗബലത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം സമുദായ സംഘടനകളെ വേർതിരിച്ചാൽ മുന്നിൽ ഇ.കെ സമസ്ത സുന്നികളാണ്. കരുത്തിൽ 50 ശതമാനത്തോളം വരും. കാന്തപുരം എ.പി സുന്നികൾ തൊട്ടുപിന്നിൽ. ശേഷം മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമിക്കാർ. ലീഗിന്റെ അടിയുറച്ച വോട്ട് ബാങ്കായാണ് ഇ.കെ സുന്നികൾ അറിയപ്പെടുന്നത്. നല്ലൊരു പങ്ക് മുജാഹിദുകളുടെ പിന്തുണയും ലീഗിന് ലഭിക്കാറുണ്ട്. കാന്തപുരം വിഭാഗം അരിവാൾ സുന്നിയായാണ് അറിയപ്പെടുന്നത്. ജമാഅത്തെ ഇസ്‌ലാമി സാഹചര്യമനുസരിച്ച് ഇടതിനേയും വലതിനേയും പിന്തുണയ്ക്കാറുണ്ട്.
സമസ്ത- ലീഗ് ഭിന്നത തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ പുറമേയ്ക്ക് പ്രകടമല്ലെങ്കിലും അടിയുറച്ച സമസ്ത പ്രവർത്തകരുടെയും ചില നേതാക്കളുടെയും മനസിൽ പ്രശ്നം നീറുന്നുണ്ട്. ഷോക്ക് ട്രീറ്റ്മെന്റിലൂടെ ലീഗിന് മറുപടിയേകിയില്ലെങ്കിൽ സമസ്തയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നതാണ് ഇവരുടെ നിലപാട്. മറ്റൊരു പിളർപ്പിലേക്ക് വഴിവയ്ക്കുമെന്നതിനാൽ തിരഞ്ഞെടുപ്പിൽ ലീഗിനെതിരെ സംഘടനാപരമായ നിലപാടിന് സമസ്ത മുതിരില്ല. ഇക്കാര്യം ബോദ്ധ്യമുള്ള സമസ്തയിലെ ലീഗ് വിരുദ്ധരുടെ രഹസ്യ നീക്കം വിജയിച്ചാൽ ഇ.ടിയുടെ ഭൂരിപക്ഷത്തിൽ ചെറിയ ഇടിവുണ്ടായേക്കാം.
ലീഗ്-സമസ്ത ഭിന്നത ചർച്ചയാക്കാൻ ഇടതുപക്ഷം കിണഞ്ഞു പരിശ്രമിക്കുമ്പോഴും അതിൽ വീഴാതെ പ്രശ്നം തണുപ്പിക്കാനുള്ള ലീഗിന്റെ ജാഗ്രത ഇതുവരെ വിജയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്നു എന്ന പ്രതിച്ഛായയിൽ ഇതര മുസ്‌ലിം സംഘടനകൾക്കിടയിൽ ഇ.ടി കൂടുതൽ സ്വീകാര്യനാണ്. സമസ്തയിലെ ചെറിയ വോട്ടുചോർച്ച ഉണ്ടാക്കിയേക്കാവുന്ന പരിക്ക് ഇതിലൂടെ മറികടക്കാനാവുമെന്നു മാത്രമല്ല, ഭൂരിപക്ഷം കൂടിയാലും അത്ഭുതപ്പെടേണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
ചുഴലി വല്ലതും
വീശുമോ?
യുവത്വത്തിന്റെ പ്രസരിപ്പിൽ സമീപകാലത്തൊന്നും മലപ്പുറം കണ്ടിട്ടില്ലാത്ത പ്രചാരണ ചൂട് സൃഷ്ടിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2004-ലെ പോലെ ഇടതുപക്ഷത്തിന് അനുകൂലമായ അട്ടിമറി അന്തരീക്ഷം മലപ്പുറത്ത് രൂപംകൊണ്ടിട്ടില്ല. 2004-ൽ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ലീഗിനെ ഞെട്ടിച്ച് 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.കെ. ഹംസയിലൂടെ ചെങ്കൊടി പാറിയിരുന്നു. അന്നത്തെ ലീഗ് സ്ഥാനാർത്ഥി കെ.പി.എ. മജീദ് മുജാഹിദ് പക്ഷക്കാരനെന്ന പ്രചാരണവും, ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും, ഇ.കെ സുന്നി വോട്ടുകളിൽ ഒരുപങ്ക് ഇടതുപക്ഷത്തേക്ക് ചാഞ്ഞതും, മുൻ ഡി.സി.സി പ്രസിഡന്റായ ടി.കെ. ഹംസയുടെ വ്യക്തിപ്രഭാവവും ഒരുമിച്ചത് അന്ന് ലീഗിന്റെ പരാജയത്തിന് വഴിയൊരുക്കി.
2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ മഞ്ചേരി മലപ്പുറമായതോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് എം.എൽ.എമാരാണ്. 2021-ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ അബ്ദുസമദ് സമദാനിക്ക് 1.14 ലക്ഷത്തിന്റെ ഭൂരിപക്ഷവുമുണ്ട്. ഇ.ടി മുജാഹിദുകാരനാണെന്ന പ്രചാരണത്തിന് വേണ്ടത്ര സ്വീകാര്യത കിട്ടിയിട്ടില്ല. ഈ സാഹചര്യങ്ങളെ മറികടക്കാൻ ഇടത് അനുകൂല ചുഴലി തന്നെ വീശേണ്ടിവരും. ലീഗിനോടുള്ള സമസ്തക്കാരുടെ അതൃപ്തിയിൽ കണ്ണുവയ്ക്കുമ്പോഴും വലിയൊരു അടിയൊഴുക്ക് സി.പി.എം പ്രതീക്ഷിക്കുന്നില്ല. ഇ.ടിയുടെ പ്രായം ചർച്ചയായതോടെ നിക്ഷക്ഷ യുവ വോട്ടർമാരെ സ്വാധീനിക്കാൻ വസീഫിന് കഴിയുമെന്ന വിലയിരുത്തലുമുണ്ട്.
പാളത്തിലെ
കോൺ. പട
ഇ.ടിയുടെ പ്രചാരണ കൺവെൻഷനുകളിലടക്കം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാറിനിൽക്കുന്നെന്ന പരാതി കെ.പി.സി.സിക്ക് ലീഗ് നേതൃത്വം നൽകിയിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ഗ്രൂപ്പ് പോര് മറയാക്കിയാണ് നിസ്സഹകരണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ സീറ്റുകളിലും നിസ്സഹകരിക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ, കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പാണക്കാട്ടെത്തി ചർച്ച നടത്തിയിട്ടുണ്ട്. മൂന്നാം സീറ്റിനു പകരം രാജ്യസഭാ സീറ്റ് ചോദിച്ചതിൽ കോൺഗ്രസ് പക വീട്ടുകയാണോ എന്ന സംശയവും ലീഗിനുണ്ട്. യു.ഡി.എഫിലെ അസ്വാരസ്യം വോട്ടു ചോർച്ചയ്ക്ക് വഴിയൊരുക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം കോൺഗ്രസ് വോട്ടുകളിലെ ചോർച്ചയെ ഒരുപരിധി വരെ തടയുമെന്ന് ലീഗ് കണക്കുകൂട്ടുന്നു.
എസ്.ഡി.പി.ഐ
വോട്ട് ലീഗിന്
2021-ലെ ഉപതിരഞ്ഞെടുപ്പിൽ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്മാനിയെ മത്സരിപ്പിച്ച് 46,758 വോട്ട് നേടിയ എസ്.ഡി.പി.ഐ ഇത്തവണ മത്സരിക്കില്ലെന്നും യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ 'ഇൻഡ്യ' മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന നിലയിലാണ് യു.ഡി.എഫിന് മുൻഗണന നൽകാൻ തീരുമാനിച്ചതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം. 2009-ൽ ഇ.ടി. മുഹമ്മദ് ബഷീർ ആദ്യമായി പൊന്നാനിയിൽ മത്സരിച്ചപ്പോഴും പരസ്യ പിന്തുണ നൽകിയിരുന്നു. ഇത്തവണ ഒരുലക്ഷത്തോളം വോട്ടുകൾ ഇ.ടിക്ക് അനുകൂലമായി മറിക്കാനാവുമെന്നാണ് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ കണക്കുകൂട്ടൽ.
ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി പിന്തുണയ്ക്കുന്നതിനാൽ പ്രവർത്തകർക്കു പുറമെ കുടുംബങ്ങളുടെയും അനുകൂലികളുടെയും വോട്ടുകൾ സമാഹരിക്കാനാവുമെന്നാണ് അവകാശവാദം. സംഘപരിവാർ ഒഴികെ ആരുമായും നീക്കുപോക്കുണ്ടാക്കാമെന്നത് പ്രഖ്യാപിത നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ എതിരാളികളായ ലീഗിനുള്ള പിന്തുണയെ എസ്.ഡി.പി.ഐ ന്യായീകരിക്കുന്നത്. സമസ്തയ്ക്കുള്ളിലെ ഭീഷണിയെ അടക്കം മറികടക്കാൻ ഈ വോട്ടുകൾ ലീഗിനെ തുണയ്ക്കുമെന്നത് തീർച്ച. കഴിഞ്ഞ തവണ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖമായ എ.പി. അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചിട്ടും 68,935 വോട്ടാണ് എൻ.ഡി.എയ്ക്കു ലഭിച്ചത്. ത്രികോണ മത്സരമെന്ന പ്രതീതി ഇതുവരെ മലപ്പുറത്ത് സൃഷ്ടിക്കപ്പെട്ടിട്ടില്ല.