
വണ്ടൂർ: കഴുത്തിൽ പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നായക്ക് രക്ഷകരായി ഇ.ആർ.എഫ് പ്രവർത്തകർ. തിരുവാലിയിലെ ഇ.ആർ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ നായയുടെ കഴുത്തിൽ നിന്നും ഭരണി നീക്കം ചെയ്തത്.
രണ്ടാഴ്ചയോളമായി തിരുവാലി പത്തിരിയാൽ ഭാഗങ്ങളിൽ കഴുത്തിൽ ഒരു ഭരണി കുടുങ്ങിയ നിലയിൽ പ്രയാസത്തിലായ ഒരു നായയെ കാണുന്നതായി നാട്ടുകാരാണ് ഇ.ആർ.എഫ് പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പത്തിരിയാലിൽ നിർമ്മാണ പ്രവർത്തി നടക്കുന്ന വീടിനുള്ളിൽ വച്ച് നായയെ പിടി കൂടുകയും ഭരണി മുറിച്ച് മാറ്റി രക്ഷപ്പെടുത്തുകയും ആയിരുന്നു. ഇ.ആർ.എഫ് പ്രവർത്തകരായ സി.പ്രശോബ്, കെ.ഷമീം, കെ. ശാദിൻ എന്നിവർ നേതൃത്വം നൽകി.