
വണ്ടൂർ: മരുമകന്റെ വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വൃദ്ധ തത്ക്ഷണം മരിച്ചു. ചേന്ദംകുളങ്ങര വരിച്ചാലിൽ സൽമത്ത് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. സംഭവത്തിൽ സൽമത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീറിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ടൂരിൽ ഭാര്യയുടെ വീട്ടിലായിരുന്നു സമീർ താമസിച്ചിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സമീർ ഭാര്യയെയും മക്കളെയും സൽമത്തിനെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതേച്ചൊല്ലി സമീറിനെതിരെ വണ്ടൂർ പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. സൽമത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.