
മലപ്പുറം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർത്ഥനാസംഗമത്തിന് സ്വലാത്ത് നഗറിൽ ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ പുലർച്ചെ മൂന്നു വരെ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി വിശ്വാസികൾ എത്തിച്ചേരും. പ്രാർത്ഥനാ സമ്മേളന സമാപന ചടങ്ങുകൾ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും.