kdkdk

എടക്കര: എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ പന്ത്രണ്ടാമത് നിലമ്പൂർ ശ്രീനാരായണ കൺവെൻഷൻ ഇന്നു മുതൽ ഏഴു വരെ നടക്കും. ചുങ്കത്തറ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് പരിസരത്താണ് കൺവെൻഷൻ നടക്കുക. കൺവെൻഷനോടനുബന്ധിച്ച് ദിവ്യജ്യോതി പ്രയാണം, വിളംബര ജാഥ, മഹാഘോഷ യാത്ര, പഠനശിബിരങ്ങൾ, നൃത്തനൃത്യങ്ങൾ, കലാവിരുന്ന് തുടങ്ങിയവ നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു ചെമ്പൻകൊല്ലി ശ്രീനാരായണ ഗുരുദേവ വിഘ്‌നേശ്വര ദേവീക്ഷേത്രത്തിൽ നിന്നും ദിവ്യജ്യോതി പ്രയാണം ആരംഭിച്ച് പൊട്ടൻതരിപ്പ ഗുരുദേവ ക്ഷേത്രം, എടക്കര ഗുരുദേവ ശ്രീകൃഷ്ണ ക്ഷേത്രം, എടക്കര ടൗൺ ചുറ്റി ചുങ്കത്തറ ശ്രീനാരായണ വിഘ്‌നേശ്വര ക്ഷേത്രത്തിൽ എത്തിച്ചേരും. പൂളമണ്ണ ശ്രീനാരായണമന്ദിരത്തിൽ നിന്നും വിളംബര ജാഥ പുറപ്പെട്ട് ചെറുകോട്, ചെമ്പ്രശേരി, വണ്ടൂർ, നടുവത്ത്, വടപുറം, നിലമ്പൂർ വഴി ചുങ്കത്തറ ക്ഷേത്രത്തിൽ എത്തി രണ്ടു ജാഥകളും സംഗമിച്ച് മഹാഘോഷയാത്രയായി ശ്രീനാരായണ നഗരിയിൽ എത്തിച്ചേർന്ന് സമ്മേളന നഗരിയിലെ കെടാവിളക്കിൽ ദിവ്യജ്യോതി പകരുന്നതോടെ പന്ത്രണ്ടാമത് നിലമ്പൂർ ശ്രീനാരായണ കൺവെൻഷന് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ട് സ്വാഗതമാശംസിക്കും. ഡോ.ധർമാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കൺവെൻഷന്റെ രണ്ടാംദിവസമായ ശനിയാഴ്ച 'പ്രണതോസ്മി നാരായണംഗുരു', ' ശ്രീനാരായണവിജ്ഞാനീയം', ' എസ്.എൻ.ഡി.പി യോഗവും ആനുകാലിക സംഭവങ്ങളും ' എന്നീ വിഷയങ്ങളിൽ സൗമ്യ അനിരുദ്ധൻ കോട്ടയം, ബിബിൻ ഷാൻ കോട്ടയം, അഡ്വ.എം.രാജൻ മഞ്ചേരി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കൺവെൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ശിവബോധാനന്ദസ്വാമികൾ ശ്രീനാരായണ ദർശനം, കാലിക പ്രസക്തി എന്നതിലും നാരായണ ഗുരുവിന്റെ മതദർശനം എന്നതിൽ ഷൗക്കത്ത് ഗുരുകുലവും എസ്.എൻ.ഡി.പി യോഗവും കേരള കൗമുദിയും എന്നതിൽ കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സി.വി.മിത്രൻ എന്നിവരും ക്ലാസ് നയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾക്കും നൃത്തനൃത്യങ്ങൾക്കും ശേഷം നടക്കുന്ന സമാപനസമ്മേളനം തിരൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി.കെ.ഭാസ്‌ക്കരൻ വൃന്ദാവൻ അദ്ധ്യക്ഷത വഹിക്കും.