
മലപ്പുറം: ലോക്‌സഭാ തിരഞ്ഞൈടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ നിന്നായി പത്രിക നൽകിയത് 25 പേർ. മലപ്പുറം മണ്ഡലത്തിൽ നിന്ന് 14 പേരും പൊന്നാനിയിൽ നിന്ന് 11 പേരുമാണ് പത്രിക നൽകിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫ്, എൻ.ഡി.എ സ്ഥാനാർത്ഥി എം.അബ്ദുസലാം എന്നിവരാണ് പ്രധാനമായും മലപ്പുറം മണ്ഡലത്തിൽ മത്സര രംഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുള്ള നവാസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത്, ബി.ജെ.പി സ്ഥാനാർത്ഥി രശ്മിൽ നാഥ് എന്നിവർ ഡമ്മി സ്ഥാനാർത്ഥികളാണ്. ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർത്ഥി പി.നാരായണൻ, സ്വതന്ത്ര സ്ഥാനാർത്ഥികളായ തൃശൂർ നസീർ, എൻ.ബിന്ദു, ശ്രീധരൻ കല്ലടിക്കുന്നത്ത്, അബ്ദുൽ സലാം, നസീഫ് അലി മുല്ലപ്പള്ളി, പി.പി.നസ്വീഫ്, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥി കൃഷ്ണൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി.ഹംസ, യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.പി.അബ്ദുസമദ് സമദാനി, എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സാനു, എൻ.ഡി.എ സ്ഥാനാർത്ഥി ശങ്കു ടി.ദാസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫ് കോക്കൂർ എന്നിവർ ഡമ്മി സ്ഥാനാർത്ഥികളാണ്. ബി.എസ്.പി സ്ഥാനാർത്ഥി കെ.വി.വിനോദ്, ശിവസേന സ്ഥാനാർത്ഥി ബിന്ദു, സ്വതന്ത്ര സ്ഥാനാർത്ഥികളായി ഹംസ കടവണ്ടി, ഹംസ, അബ്ദു സമദ് എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
അപരൻമാർ
മലപ്പുറം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. വസീഫിനോട് സാമ്യമുള്ള രണ്ടുപേർ മത്സരരംഗത്തുണ്ട്. നസീഫ് അലി മുല്ലപ്പള്ളി, പി.പി.നസ്വീഫ് എന്നീ സ്വതന്ത്രൻമാരാണ് മത്സരരംഗത്തുള്ളത്.
പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥ കെ.എസ്. ഹംസയുടെ പേരിനോട് സാമ്യമുള്ള രണ്ടുപേർ സ്വതന്ത്രൻമാരായ മത്സരംരംഗത്തുണ്ട്. ഹംസ കടവണ്ടി, ഹംസ എന്നിവരാണിവർ.
യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മത്സരിക്കുന്ന പൊന്നാനിയിൽ അബ്ദുസമദ് എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സരരംഗത്തുണ്ട്.