വണ്ടൂർ: രണ്ട് പതിറ്റാണ്ടിലധികം പിന്നിട്ട വണ്ടൂർ ചെട്ടിയാറക്കാരുടെ ആഘോഷമാണ് കപ്പതുറവി. 25-ാമത്തെ നോമ്പിന് സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറയുടെ ലക്ഷ്യം പ്രദേശത്തെ മതസൗഹാർദ്ദവും ഐക്യവും ഉറപ്പിക്കലാണ്.
നോമ്പുതുറയ്ക്ക് സാധാരണ വിഭവങ്ങളായ പത്തിരി, കോഴിക്കറി, ബിരിയാണി എന്നിവയ്ക്ക് പകരം ഒരേ ചെമ്പിൽ പാകം ചെയ്ത കപ്പയും ബീഫും മാത്രം. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെ പത്തോളം യുവാക്കൾ ചേർന്ന് 15 കിലോയിൽ തുടങ്ങി വച്ചത് ഇന്നും തുടരുകയാണ്. 25-ാം നോമ്പുദിവസമാണ് പരിപാടി നടത്തുക. നോമ്പ് 10 ദിവസം പിന്നിടുമ്പോൾ തയ്യാറെടുപ്പുകൾ തുടങ്ങും. സമീപത്തെ കപ്പ കർഷകരെക്കൊണ്ട് ഈ ദിവസം വിളവെടുപ്പ് നടത്തുവാനായി കൃഷി ചെയ്യിക്കുകയാണ് പതിവ്. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്തലുകൾ തയ്യാറാക്കിയാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കുന്നത്
അഞ്ച് ക്വിന്റൽ കപ്പയും രണ്ടു പോത്തിൽ നിന്ന് 350 കിലോ പോത്തിറച്ചിയുമാണ് തയ്യാറാക്കിയത്. നാട്ടുകാർ തന്നെയാണ് തയ്യാറാക്കുന്നത് . യുവ കൂട്ടായ്മകളാണ് ചെലവ് കണ്ടെത്തുന്നത്. ഇത്തവണ പ്രദേശത്തെ 500ഓളം വീടുകളിൽ വിഭവങ്ങൾ എത്തിച്ചു നൽകി. സി.പി. സിനാജ് , സി.ടി ചെറി, ഇ.കെ അഫ്സൽ, സി.ടി. ഹസൈനാർ, എ.പി. നാസർ, പൊത്തങ്ങോടൻ നൗഷാദ്, എ.പി. കുഞ്ഞിമുഹമ്മദ്, പി. ഹരിദാസൻ തുടങ്ങിയവർ നേതൃത്വം നൽകി