
കാളികാവ്: പൂങ്ങോട് വലിയ മറ്റത്തിൽ സുകുമാരൻ എന്ന 71കാരന് സൈക്കിൾ നിത്യജീവിതത്തിന്റെ ഭാഗമാണ്.
37 വർഷം മുമ്പു തുടങ്ങിയതാണ് ഈ സൈക്കിൾ ജീവിതം. ദിവസത്തിൽ 40ഓളം കിലോമീറ്റർ എന്ന തോതിലാണ് സൈക്കിൾ സവാരി.
ഒരു ദേശസാത്കൃത ബാങ്കിന്റെ ഡെപോസിറ്റ് കളക്ടറാണ് സുകുമാരൻ. കാളികാവിലെ നെടുങ്ങാടി ബാങ്കിലായിരുന്നു ജോലി. പിന്നീട് പഞ്ചാബ് നാഷണൽ ബാങ്കായി മാറിയപ്പോഴും ഇതേ ജോലിയിൽ തുടർന്നു. ഇപ്പോഴും ജോലി തുടരുന്നു. കളക്‌ഷന്റെ ഭാഗമായി ദിവസവും സൈക്കിൾ ചവിട്ടുന്നത് 40ഓളം കിലോമീറ്ററാണ്. പണിമുടക്ക്, ഹർത്താൽ ഒഴിവുദിനങ്ങൾ മാത്രമാണ് വിശ്രമ ദിവസങ്ങൾ. സാധാരണ ദിവസങ്ങളിലും സഞ്ചാരം സൈക്കിളിൽ മാത്രമാണ്.
പത്തിലേറെ സൈക്കിളുകൾ ഇക്കാലയളവിൽ ഉപയോഗിച്ചിട്ടുണ്ട്.
എല്ലാവരും സ്‌കൂട്ടറുകളിലേക്കും ബൈക്കിലേക്കും മാറിയെങ്കിലും ശീലം മാറ്റാൻ ഇദ്ദേഹം ഇനിയും തയ്യാറായിട്ടില്ല. സഹപ്രവർത്തകർ പലരും നിർബ്ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. സ്വന്തമായി സ്‌കൂട്ടർ വാങ്ങാനാവുമെങ്കിലും സൈക്കിൾ കൈവിടേണ്ടെന്നാണ് തീരുമാനം.
71ലും തന്റെ ആരോഗ്യ സംരക്ഷണത്തിന്റെ രഹസ്യം മുടങ്ങാതെയുള്ള സൈക്കിൾ സവാരിയാണെന്നാണ് ഇദ്ദേഹം പറയുന്നത്.