raha

മലപ്പുറം: വീടുകളിൽ നിന്നും പുനുരുപയോഗിക്കാത്ത വിവാഹ വസ്ത്രങ്ങൾ ശേഖരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റൊരു മണവാട്ടിയ്ക്ക് നൽകുമ്പോൾ

അവരും തങ്ങളുടെ സ്വപ്നം സ്വന്തമാക്കുന്നു. ഊരകം പഞ്ചായത്തിലെ വനിതാ കൂട്ടായ്മയായ റാഹ റിലീഫ് സെൽ പ്രവർത്തക സൗദ അബുത്വാഹിർ തങ്ങളുടെ സേവനസംരഭം ഒരുപാടുപേർക്കു പ്രയോജനപ്പെടുന്ന നിവൃതിയിലാണ്. ഏഴ് മാസം മുമ്പാണ് ഊരകം സ്വദേശിനി സൗദയുടെ നേതൃത്വത്തിൽ റാഹ റിലീഫ് സെൽ ആരംഭിക്കുന്നത്. വീട്ടിൽ ഭിക്ഷ യാചിച്ചെത്തുന്നവരിൽ പലരും സൗദ അബുത്വാഹിറിനോട് വസ്ത്രങ്ങൾ ആവശ്യപ്പെട്ടതോടെയാണ് നിർദ്ധന വിഭാഗങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. തുടർന്നാണ് പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിൽ സഹപ്രവർത്തരുമായി ചേർന്ന് റാഹ റിലീഫ് സെൽ ആരംഭിച്ചത്.ഉപയോഗം കഴിഞ്ഞ വസ്ത്രങ്ങൾ, വീട് പുതുക്കിപ്പണിയുമ്പോൾ എടുത്ത് മാറ്റുന്ന വാതിൽ, ജനൽ, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃപോകരണങ്ങൾ എന്നിങ്ങനെ പുനരുപയോഗ സാദ്ധ്യതയുള്ളവയെല്ലാം പ്രദേശത്തെ വീടുകളിൽ നിന്നും സമാഹരിച്ച് ഇവ ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് എത്തിക്കും. എല്ലാ മാസവും 25ന് ഊരകം കുന്നത്തുള്ള കെ.കെ.പൂക്കോയത്തങ്ങൾ സ്മാരക സൗധത്തിലെ ഓഫീസിൽ നീണ്ട നിരയാണ്. ആവശ്യമുള്ളവർക്ക് സമാഹരിച്ച സാധനങ്ങൾ ഇവിടെ വിതരണം ചെയ്യും. വിവാഹ വസ്ത്രങ്ങൾ ഉപയോഗ ശേഷം തിരികെ ഏൽപ്പിക്കണം. മറ്റുള്ളവയെല്ലാം സൗജന്യമായാണ് നൽകുന്നത്. ഇതിനോടകം 100ഓളം വിവാഹ വസ്ത്രങ്ങൾ നൽകാനും 10ലധികം വീടുകൾക്ക് മര ഉരുപ്പടികൾ എത്തിച്ച് കൊടുക്കാനും സാധിച്ചിട്ടുണ്ട്. വി.മൈമൂനത്ത്, സലീന പരി, ജംഷീന പാങ്ങാട്ട്, ഷക്കീല അത്തോളി എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്ന മറ്റുള്ളവർ.