
മലപ്പുറം: ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അതീവ ഗുരുതര സാഹചര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കേരളത്തിലേക്ക് ചുരുക്കി വിവാദമാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ചിലരുടെ അജൻഡയുണ്ടെന്ന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി. അബ്ദുസമദ് സമദാനി. തിരുവനന്തപുരത്തേക്കല്ല ഡൽഹിയിലേക്കാണ് മത്സരമെന്നത് ഓർക്കണം. തിരഞ്ഞെടുപ്പിനെ ദേശീയ മാനത്തിലെടുക്കാൻ ഓരോ വോട്ടറും തയ്യാറാവണമെന്നും സമദാനി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബിലെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് സമദാനി.
സ്നേഹത്തിന്റെ കേരള സ്റ്റോറി
യഥാർത്ഥ കേരള സ്റ്റോറി സ്‌നേഹത്തിന്റേതാണ്. വിവാദങ്ങൾക്ക് പിന്നിൽ പ്രത്യേക അജൻഡയുണ്ട്. കോൺഗ്രസ് ഇതിനെ ശക്തമായ ഭാഷയിൽ എതിർത്തിട്ടുണ്ട്. മുസ്‌ലിം ലീഗിനും ഇതേ നിലപാടാണ്. ചിലർ ഈ വിഷയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. കോൺഗ്രസിന്റെ മതേതരത്വം ഇത്തരം സംശയങ്ങൾക്കെല്ലാം അപ്പുറത്താണ്. കോൺഗ്രസിനെ കൃത്യമായി മനസിലാക്കിയാണ് ലീഗ് ഈ മുന്നണിയിൽ നിൽക്കുന്നത്.
കോൺഗ്രസിന് നിലപാടുണ്ട്
പൗരത്വ നിയമത്തിനെതിരെ ശക്തമായി യു.ഡി.എഫ് മുന്നിലുണ്ട്. മുസ്‌ലിം ലീഗ് ഈ വിഷയത്തിൽ നിയമപരമായി തന്നെ മുന്നിലുണ്ട്. പാർലമെന്റിൽ ബില്ല് വന്ന സമയത്തും ശക്തമായി എതിർത്തു. സി.എ.എ വിഷയത്തിൽ കോൺഗ്രസിനും കൃത്യമായ നിലപാടുണ്ട്. സി.എ.എ വിഷയത്തിൽ സി.പി.എമ്മിന് ഒരു ക്രഡിറ്റുമില്ല. ഇവർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് കോൺഗ്രസിനെതിരെ ആരോപണങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിൽ രാഷ്ട്രീയ അജൻഡയാണുള്ളത്. അത് കേരളത്തിൽ മാത്രം പരിമിതമാണ്.
പ്രതീക്ഷ ഇന്ത്യാ മുന്നണിയിൽ
ബഹുസ്വരതയും മതേതരത്വവും തുല്യനീതിയും ഉറപ്പുവരുത്താൻ ഇന്ത്യാമുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ്. സർവേ ഫലങ്ങൾ ഇന്ത്യാ മുന്നണിക്ക് അനുകൂലമാണ്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ബി.ജെ.പിയുടെ അടിക്കല്ലിളകിയ അവസ്ഥയാണ്. ഭരണത്തോടുള്ള അസംതൃപ്തി ജനങ്ങൾ പ്രകടമാക്കി തുടങ്ങി.
പൊന്നാനിയിൽ വിജയമുറപ്പ്
പൊന്നാനി നവോത്ഥാനത്തിന്റെ മണ്ണാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ഈ മണ്ണിൽ നിന്ന് പ്രതിഷേധമുയരും. എം.ടിയും സി.രാധാകൃഷ്ണനുമെല്ലാം ഈ മണ്ണിൽ നിന്നാണ് അക്ഷര വിപ്ലവം തീർത്തത്. എം.ടി വാക്ക് കൊണ്ടു അനുഗ്രഹിച്ചപ്പോൾ സി. രാധാകൃഷ്ണൻ ഒരു പേന സമ്മാനിച്ചാണ് സ്‌നേഹമറിയിച്ചത്. പൊന്നാനിയുടെ പ്രതിനിധിയായി പാർലമെന്റിലേക്ക് തിരഞ്ഞെടുത്താൽ ഈ പേന കൊണ്ട് ആദ്യം ഒപ്പിടണമെന്നാണ് അദ്ദേഹം പറഞ്ഞത്.
വികസന കാഴ്ചപ്പാട്
മത്സ്യമേഖലയിൽ സമഗ്ര വികസനമാണ് പ്രധാന ലക്ഷ്യം. 'സാഗർമാല' പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനി തുറമുഖത്തെ വികസിപ്പിക്കും. പൊന്നാനിയിൽ മറൈൻ മ്യൂസിയമെന്ന ആശയമുണ്ട്. പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ ഹാർബർ വികസനം, ജില്ലയ്ക്ക് ഒരു കേന്ദ്രീയ വിദ്യാലയം കൂടി, പൊന്നാനിക്കൊരു പാസ്‌പോർട്ട് സേവാ കേന്ദ്രം, കായൽ ടൂറിസം പദ്ധതികൾ, ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്, കേരകർഷകരുടെ വിഷയങ്ങൾ, വെറ്റില കർഷകരുടെ പ്രയാസങ്ങൾ, നെൽക്കർഷകരുടെ പ്രശ്നങ്ങൾ എല്ലാത്തിനും പരിഹാരം കാണണം. ആയുർവേദ നഗരിയിൽ വിവിധ പദ്ധതികൾ ആരംഭിക്കണം.
കാത്തിരിക്കുന്നത് കുളിർമഴയ്ക്ക്
ശക്തമായ ചൂടും നോമ്പുമൊന്നും പ്രചാരണത്തിന് തടസമായില്ല. കൂടുതൽ സമയം ലഭിച്ചത് നേട്ടമായി. നോമ്പിന് ശേഷം പ്രചാരണം കൂടുതൽ സജീവമാകും. കനത്ത ചൂടിൽ ഒരുമഴയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയവും ഒരു കുളിർമഴക്കായി കാത്തിരിക്കുകയാണ്. പഴയ ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മതേതര സർക്കാരെന്ന സ്‌നേഹ പേമാരിയ്ക്കായാണ് രാജ്യം കാത്തിരിക്കുന്നത്.