കാളികാവ്: കുടിവെള്ളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരുത്തിപ്പറ്റ എസ്.സി കോളനിയിലെ കുടുംബങ്ങൾ ചോക്കാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പരുത്തിപ്പറ്റയിൽ കുടിവെള്ള പദ്ധതിക്കായി സംഭരണിയും കിണറും നിർമ്മിച്ചിട്ടുണ്ട്. മാർച്ച് 31നകം പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല. പദ്ധതി അനിശ്ചിതമായി നീളുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെയാണ് പ്രദേശത്തുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയാണിത്. അടുത്ത ഭരണസമിതി യോഗത്തിൽ അജൻഡ വച്ച് ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാർ പിന്മാറിയത്

സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി എം.എം. ജയശ്രീയുമായി സി.പി.എം നേതാക്കളായ കെ.ടി. മുജീബ്, എം. അൻവർ, പി. സിദ്ദിഖ്, എം. സഫീർ , കെ.ടി. സലീന എന്നിവരാണ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്.

കാളികാവ് എസ്.ഐ വേലായുധന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. കോളനിയിലേക്ക് താത്കാലികമായി വെള്ളമെത്തിച്ച് നൽകുമെന്ന് സി.പി. എം ഭാരവാഹികൾ പറഞ്ഞു.

വൈദ്യുതിക്ക് ഫണ്ട് തികഞ്ഞില്ല

വൈദ്യുതി കണക്‌ഷന് വകയിരുത്തിയ ഫണ്ട് തികയില്ലെന്നതിനാലാണ് പദ്ധതി തുടങ്ങാനാവാത്തത്.

നിലവിൽ ദൂരെ പ്രദേശത്ത് നിന്നാണ് കോളനിയിലുള്ളവർ വെള്ളമെത്തിക്കുന്നത്.

25 ലക്ഷം രൂപയുടെ പദ്ധതിക്ക് കിണർ കുഴിക്കാനും സംഭരണി സ്ഥാപിക്കാനും പ്രദേശവാസികൾ സൗജന്യമായി സ്ഥലം നൽകിയിരുന്നു.

മോട്ടോർ കിണറ്റിൽ ഇറക്കി വച്ച് പമ്പ് ഹൗസ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി കണക്‌ഷന് ഫണ്ട് തികയുകയില്ലെന്ന് പിന്നെയാണ് ബോദ്ധ്യപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്.

തുക കൂട്ടിക്കിട്ടാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വെള്ളം കിട്ടിയില്ലെങ്കിൽ താമസം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റേണ്ടി വരും

കോളനിനിവാസികൾ

38 കുടുംബങ്ങളാണ് പരുത്തിപ്പറ്റ എസ്.സി കോളനിയിൽ താമസിക്കുന്നത്.