
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ വേഗത കുറയ്ക്കുന്നതിന് സ്ഥാപിച്ച റംപിൾ സ്ട്രിപ്പ് ദുരിതമാവുന്നു. റംപിൾ സ്ട്രിപ് ഒഴിവാക്കാനായി വാഹനങ്ങൾ റോഡിന് ഇരുവശവും ചേർന്ന് പോവുന്നതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ റംപിൾ സ്ട്രിപ് ഒഴിവാക്കാനായി പെട്ടെന്ന് വെട്ടിച്ചെടുക്കുന്നത് ഇവിടെ പതിവാണ്. കാൽനട യാത്രക്കാർ വാഹനം വരുന്നത് കണ്ട് ഓടി മാറുകയാണ് ചെയ്യുന്നത്. മൂന്ന് വർഷം മുമ്പാണ് ഇവിടെ റംപിൾ സ്ട്രിപ്പ് സ്ഥാപിച്ചത്.
ഓരോ അങ്ങാടിയിലും എത്തുന്നതിന് മുൻപും ശേഷവും മൂന്ന് വീതം സ്ട്രിപ്പുകളുണ്ട്. സാധാരണ കാണുന്നതിനേക്കാളും കട്ടി കൂടിയയതും വ്യത്യസ്ഥ കനത്തിലുള്ളതുമാണിവ. ഡ്രൈവർമാർക്ക് ഇത് ഹമ്പായി അനുഭവപ്പെടുന്നുവെന്ന പരാതിയും വ്യാപകമാണ്. വേഗതയിൽ എത്തുന്ന വാഹനം സ്ട്രിപ്പ് ചാടി നിയന്ത്രണം നഷ്ടമാകുന്നതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതേ സംബന്ധിച്ച് നിരവധി പേരാണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിട്ടുള്ളത്.
അശ്രദ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്ക് ശബ്ദത്തിലൂടെയും വൈബ്രേഷനിലൂടെയും ജാഗ്രത നൽകി അപകടം കുറയ്ക്കുന്നതിനായാണ് ഇത്തരം സ്ട്രിപ്പുകൾ നൽകാറുളളത്. റംപിൾ സ്ട്രിപ്പ് ഒഴിവാനായി വെട്ടിച്ച ബൈക്ക് ഇടിച്ച് ഒരുവർഷം മുമ്പേ കാൽനടയാത്രക്കാരൻ മരിച്ചിരുന്നു.
ദേശീയപാതയിൽ മലപ്പുറം മുതൽ ജില്ലാതിർത്തിയായ 11-ാം മൈൽ വരെ ഒൻപത് സ്ഥലങ്ങളിലാണ് റാംപിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.