മലപ്പുറം: സി.പി.എം നിയന്ത്രണത്തിലുള്ള ചോക്കാട് സഹകരണ ബാങ്കിന് നിയമന ക്രമക്കേടിനെ തുടർന്ന് നഷ്ടമായ 25 ലക്ഷത്തിലധികം രൂപ ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ബാങ്കിലെ താൽക്കാലിക നിയമനങ്ങളിൽ അഴിമതി ആരോപിച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായ എം.കെ.അബൂബക്കർ 2017ൽ നൽകിയ പരാതിയിലാണ് നടപടി.
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയോ സ്ഥിരം നിയമനത്തിലൂടെയോ ഒഴിവുകൾ നികത്താതെ ഇഷ്ടക്കാരെ താൽക്കാലിക ജീവനക്കാരായി നിയമിക്കുന്നു എന്നായിരുന്നു പരാതി. അവർക്ക് വലിയ തുക ദിവസ വേതനം നൽകുന്നതായി രേഖപ്പെടുത്തിയ ശേഷം കുറഞ്ഞ തുക നൽകി. ബാക്കി പണം ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും വീതിച്ചെടുക്കുന്നതായും പരാതിയിൽ പറയുന്നു. നിയമനങ്ങളിലൂടെ 25,00,800 രൂപ ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ അഞ്ച് താൽക്കാലിക ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
2011 മുതലുള്ള ഭരണസമിതി അംഗങ്ങളിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് ശുപാർശ. തുടർ നടപടിക്ക് സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ക്യാഷ്യർ, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ തസ്തികകളിലാണ് ബാങ്കിൽ ഒഴിവുള്ളത്.
2007-2008 ൽ ജെ.ഡി.എസിന് പഠിക്കവേ ബാങ്കിൽ മുഴുവൻ സമയം ജോലി ചെയ്തതായി രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റി എന്നാരോപിച്ച് സീനിയർ ക്ലർക്കായ പത്മാക്ഷനെതിരെ അബൂബക്കർ നൽകിയ പരാതി കോഴിക്കോട് വിജിലൻസ് കോടതിയിലുണ്ട്.