മലപ്പുറം: വേനൽചൂടിനൊപ്പം റംസാൻ നോമ്പ് കൂടിയായതോടെ അൽപ്പം ക്ഷീണിച്ച തിരഞ്ഞെടുപ്പ് പ്രചാരണം പതിന്മടങ്ങ് കരുത്തിൽ പുനഃരാരംഭിച്ച് മുന്നണികൾ. പോളിംഗ് ബൂത്തിലേക്ക് രണ്ടാഴ്ച മാത്രം അവശേഷിക്കേ താഴേത്തട്ടിലടക്കം പ്രചാരണം ഉറപ്പാക്കാനാണ് ശ്രമം. മൂന്ന് മുന്നണികളും നിയോജക മണ്ഡലംതല റാലികൾ പൂർത്തിയായിട്ടുണ്ട്. ഇനി പഞ്ചായത്ത് തലത്തിൽ വമ്പൻ പൊതുയോഗവും വാർഡ് തലത്തിൽ കൺവെൻഷനും സംഘടിപ്പിക്കും. നിയോജക മണ്ഡലംതല പൊതുയോഗങ്ങളിൽ താരപ്രചാരകരെത്തും. അവസാന ദിവസങ്ങളിൽ വീണ്ടും റോഡ് ഷോയുമായി രംഗത്തെത്തും. മുന്നണികൾക്കുള്ളിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കാനും വോട്ട് ചോർച്ചയ്ക്കുള്ള വഴികളടയ്ക്കാനും ശ്രമം പുരോഗമിക്കുന്നുണ്ട്.

ഓടിയോടി സ്ഥാനാർത്ഥികൾ

ഒരുദിവസം ഒരു നിയോജക മണ്ഡലത്തിന് കീഴിലെ 35 പ്രധാന കേന്ദ്രങ്ങളിലെത്തിയുള്ള പ്രചാരണത്തിന് മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ ഇന്നലെ മലപ്പുറത്ത് തുടക്കമിട്ടു. ഒരു തദ്ദേശ പരിധിയിൽ അഞ്ചിടത്ത് പ്രചാരണമെന്നതാണ് ഇ.ടിയുടെ ലക്ഷ്യം. മുസ്‌‌ലിം ലീഗ് സംസ്ഥാന പ്രസി‌ഡന്റ് സാദിഖലി ശിഹാബ് തങ്ങൾ,​ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്,​ പി.ഉബൈദുള്ള എം.എൽ.എ എന്നിവർ വിവിധയിടങ്ങളിലെ പ്രചാരണ യോഗങ്ങളിൽ സംസാരിച്ചു. കോൺഗ്രസ് - ലീഗ് പോരിന്റെ പശ്ചാത്തലത്തിൽ യോഗങ്ങളിൽ ഇരുപാർട്ടികളുടെയും പ്രാദേശിക നേതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ട്. ഫാസിസത്തിൽ ഊന്നി ആറ്റിക്കുറുക്കിയുള്ള പ്രസംഗമാണ് ഇ.ടിയുടേത്. കേന്ദ്ര, സംസ്ഥാന സ‌ർക്കാരുകൾക്കെതിരെ പ്രധാന വിഷയങ്ങൾ ഉന്നയിച്ച് നേതാക്കളുടെ ലഘുപ്രസംഗങ്ങളോടെ ആണ് പ്രചാരണം മുന്നോട്ടുപോവുന്നത്. തുറന്ന വാഹനത്തിലുള്ള പ്രചാരണത്തിൽ സ്ഥലം എം.എൽ.എയ്ക്കൊപ്പം പ്രാദേശിക കോൺഗ്രസ് നേതാക്കളുമുണ്ടാവും. പ്രവർത്തകർക്ക് ഐക്യ സന്ദേശമേകുക കൂടി ലക്ഷ്യമാണ്. ഈ ആഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഇ.ടിയുടെ പ്രചാരണത്തിനെത്തും.

നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് റാലികൾ പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫിന്റെ രണ്ടാംഘട്ട വാഹന പര്യടനത്തിന് ഇന്ന് കൊണ്ടോട്ടിയിൽ തുടക്കമാവും. പരമാവധി വോട്ടർമാരെ നേരിട്ട് കാണുകയെന്നതാണ് ലക്ഷ്യം. പഞ്ചായത്ത് തല റാലികളിൽ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കും. അടുത്തയാഴ്ച പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സുഭാഷിണി അലിയും എം.എ.ബേബിയും 20ന് അഖിലേന്ത്യാ കിസാൻസഭ നേതാവും കർഷക സമരങ്ങളിലൂടെ ശ്രദ്ധേയനുമായ വിജു കൃഷ്ണനും എം.സ്വരാജും വിവിധയിടങ്ങളിലെ റാലികളിൽ പങ്കെടുക്കും. ഇന്നലെ മഞ്ചേരി, കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളിൽ പര്യടനം നടത്തി. സി.ഐ.ടി.യു മഞ്ചേരിയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തു.

കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എൽ.ഡി.എ സ്ഥാനാർത്ഥി അബ്ദുൽ സലാമിന്റെ തീരുമാനം. നിയോജക മണ്ഡലംതല ആദ്യഘട്ട വാഹനപ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ 13,14,15 തീയതികളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലും സെമിനാറുകളും കുടുംബയോഗങ്ങളും നടത്തും. ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയിരുന്നു. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ദേശീയ നേതാക്കളടക്കം വരും ദിസവങ്ങളിൽ പ്രചാരണത്തിനെത്തും.