d
കടുത്ത കുടിവെള്ള ക്ഷാമകാലത്ത് അശ്രദ്ധമായ ചാല് കീറൽമൂലം നിലവിലെ പൈപ്പ്‌ലൈൻ പൊട്ടി വെള്ളം പാഴാവുന്നു. തേഞ്ഞിപ്പലം, ചേളാരി ചുള്ളോട്ടു പറമ്പിലെ ദൃശ്യം

തേഞ്ഞിപ്പലം: പഞ്ചായത്തിലെ 9, 10 വാർഡുകളിലായുള്ള ചേളാരി ചുള്ളോട്ടുപറമ്പ് റോഡിൽ പെരുവള്ളൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടിയും ജൽ ജീവൻ പദ്ധതിക്ക് വേണ്ടിയും ആഴത്തിൽ ചാൽ കീറിയതിന്റെ തുടർപ്രവൃത്തികൾ നടത്താത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. യാത്ര ദുഷ്കരമാണെന്നതിന് പുറമെ പൊടിശല്യം കാരണം റോഡരികിൽ താമസിക്കുന്നവർ ദുരിതത്തിലാണ്. വളവുകളിൽ ചരൽ നീക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ നിരങ്ങി വീണ് അപകടവുമുണ്ടാവുന്നുണ്ട്. അധികൃതരുടെ കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ തോന്നിയ പോലെയാണ് പണികൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.