
മലപ്പുറം: പൈപ്പ്‌ലൈൻ വഴി പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയ്ക്കായി ജില്ലയിൽ ലഭിച്ചത് 7,000 അപേക്ഷകൾ. ഇതിൽ 230 വീടുകളിൽ നിലവിൽ ഗ്യാസ് കണക്‌ഷൻ നൽകി. മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ യഥാക്രമം 180, 50 വീടുകളിലാണിത്. ഉടൻ 150 വീടുകളിൽ കൂടി ഗ്യാസ് എത്തിക്കാനുള്ള ശ്രമത്തിലാണ് പദ്ധതിയുടെ ചുമതലക്കാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ്. മഞ്ചേരി, മലപ്പുറം നഗരസഭ പരിധികളിലാണ് നിലവിൽ പദ്ധതി ആരംഭിച്ചിട്ടുള്ളത്. കോട്ടയ്ക്കൽ, പൊന്നാനി നഗരസഭകളിൽ ഈ വർഷം തന്നെ ആരംഭിക്കും. മഞ്ചേരിയിൽ 3,000 അപേക്ഷകളും മലപ്പുറത്ത് 4,000 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
കൂടുതൽ സി.എൻ.ജി പമ്പുകൾ
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള അഞ്ച് സി.എൻ.ജി പമ്പുകൾ കൂടി രണ്ട് മാസത്തിനകം ജില്ലയിൽ ആരംഭിക്കും. എരമംഗലം, എടപ്പാൾ, വഴിക്കടവ് എന്നിവിടങ്ങളിൽ ഒന്നും അരീക്കോട് രണ്ടും പമ്പുകൾ രണ്ട് മാസത്തിനകം പ്രവർത്തനമാരംഭിക്കും. ജില്ലയിൽ നിലവിൽ 18 സി.എൻ.ജി പമ്പുകളുണ്ട്. വള്ളുവമ്പ്രം, മലപ്പുറം, കോഡൂർ, തിരൂർ, ചെമ്മാട്, പരപ്പനങ്ങാടി, പൊന്നാനി, രാമനാട്ടുകര, ചങ്ങരംകുളം, വണ്ടൂർ, എടക്കര, പെരിന്തൽമണ്ണ, തലക്കടത്തൂർ, തലപ്പാറ, തിരുനാവായ, ചമ്രവട്ടം, അരീക്കോട്, നറുകര എന്നിവിടങ്ങളിലാണിത്.
പോക്കറ്റ് കാലിയാകില്ല