
മലപ്പുറം: വയനാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശച്ചൂട് പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനം യു.ഡി.എഫ് പ്രവർത്തകർ ആഘോഷമാക്കി. കത്തുന്ന ചൂടിനേയും അവഗണിച്ച് രാഹുലിന്റെ റോഡ് ഷോ കാണാൻ ഇരുവശങ്ങളിലുമായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തടിച്ചുകൂടിയത്. കോഴിക്കോട് കൊടിയത്തൂരിലെ റോഡ് ഷോ പൂർത്തിയാക്കി ഉച്ചയ്ക്ക് പന്ത്രണ്ടോടെ രാഹുൽ ഗാന്ധി അരീക്കോട് കീഴുപറമ്പിൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദാരവങ്ങൾ പ്രകടിപ്പിച്ചും രാഹുൽ ഗാന്ധിയെ വരവേറ്റു. റോഡിലൂടനീളം തന്നെ കാത്തുനിന്നവരെ അഭിവാദ്യം ചെയ്താണ് രാഹുൽഗാന്ധി റോഡ് ഷോ ആരംഭിച്ചത്. കീഴുപറമ്പ് അങ്ങാടിയിൽ ജനങ്ങളോട് സംവദിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. ജ്യോതി വിജയകുമാർ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. പത്തനാപുരം പള്ളിപ്പടി മുതൽ തെരട്ടമ്മൽ ഗ്രൗണ്ട് വരെയും പിന്നീട് തോട്ടിന്റക്കര മുതൽ മമ്പാട് ടൗൺ വരെയും റോഡ് ഷോ നടന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചും കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഉയർത്തിയും ചെറുപ്രസംഗം. നിലമ്പൂർ ജനതപ്പടി മുതൽ ചന്തക്കുന്ന് വരെ റോഡ് ഷോ പൂർത്തിയാക്കി മൂത്തേടത്തേക്ക് തിരിച്ചു. കുറ്റിക്കാട് നിന്ന് മൂത്തേടം വരെ റോഡ് ഷോ നടന്നു. കരുവാരക്കുണ്ട് കണ്ണത്ത് മുതൽ മരുതങ്കൽ വരെ റോഡ് ഷോ പൂർത്തിയാക്കിയാണ് രാഹുലിന്റെ പ്രചാരണം അവസാനിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക അസന്തുലിതാവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ 70 കോടി മനുഷ്യരുടെ സമ്പത്തിന് തുല്യമായത് 22 അതിസമ്പന്നരുടെ കൈവശമുണ്ട്. ഈ അസമത്വം അവസാനിപ്പിക്കാൻ ഇന്ത്യയിലെ ദരിദ്ര ജനങ്ങളുടെ പട്ടിക ഉണ്ടാക്കും. ഓരോ കുടുംബത്തിൽ നിന്നും ഒരുസ്ത്രീയെ തിരഞ്ഞെടുത്ത് ഇവരുടെ ബാങ്ക് അക്കൗണ്ടിൽ മാസം 8,500 രൂപയെന്ന തോതിൽ നിക്ഷേപിക്കും. ദാരിദ്ര്യത്തിൽ നിന്ന് കുടുംബം പുറത്തുകടക്കും വരെ ഈ തുക നൽകും. 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത്. യുവാക്കൾ തൊഴിലിനായി അലയുന്നു. നോട്ട് നിരോധനത്തിലൂടെയും വികലമായ ചരക്ക് സേവന നികുതിയിലൂടെയും തൊഴിൽ സാദ്ധ്യത തന്നെ നരേന്ദ്ര മോദി ഇല്ലാതാക്കിയെന്നും രാഹുൽ പറഞ്ഞു. ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം അവകാശമാകുന്ന നിയമം കൊണ്ടുവരും. ശമ്പളമെന്ന തരത്തിൽ വർഷം ഒരുലക്ഷവും രൂപ നൽകും. ഈ പദ്ധതിയിലൂടെ മികവുള്ള തൊഴിലാളികളെ രാജ്യത്തിന് ലഭിക്കും. കാർഷികോത്പ്പന്നങ്ങൾ താങ്ങുവില പ്രഖ്യാപിക്കും. സങ്കീർണമായ ചരക്ക് സേവന നിയമം ലഘൂകരിച്ച് ഒറ്റ നികുതിയും ഏറ്റവും കുറഞ്ഞ നികുതിയും ഈടാക്കും. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളെ അപമാനിക്കുന്നതിന് തുല്യമായ അഗ്നിപഥ് പദ്ധതി റദ്ദാക്കും. സർക്കാർ മേഖലയിൽ കരാർ നിയമനം ഇല്ലാതാക്കി സ്ഥിരം നിയമനം നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.