
മലപ്പുറം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫായിരുന്നു. മലപ്പുറം നഗരസഭ കൗൺസിലർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു. 1995-2000ൽ നഗരസഭയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സ്‌പെഷൽ കൗൺസിലറായി. മുണ്ടുപറമ്പ് ഹൗസിംഗ് കോളനിയിലെ വീട്ടിലും മലപ്പുറം പ്രസ്‌ക്ലബിലും പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കി. മലപ്പുറം കോഡൂർ ചെമ്മങ്കടവിലെ റിട്ട. ആർമി ഹവിൽദാർ അബൂബക്കറിന്റെയും ഉമ്മാച്ചുവിന്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: പരേതയായ സാജിത, ഖൈറുന്നിസ. മരുമക്കൾ: ഹനീഫ, ഇബ്രാഹിം.