മഞ്ചേരി: അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കരുവമ്പ്രം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കാമ്പസിൽ അനുവദിച്ച സ്ഥലത്ത് സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി രണ്ടാംഘട്ടത്തിലേക്ക് കടന്നു.
2014 മാർച്ചിലാണ് കച്ചേരിപ്പടി ഐ.ജി.ബി.ടി ബസ് സ്റ്റാൻഡിലെ താത്കാലിക കെട്ടിടത്തിൽ മഞ്ചേരി അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിച്ചത്. തുടർന്നാണ് മഞ്ചേരി അഗ്നി രക്ഷാനിലയത്തിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി 50 സെന്റ് അനുവദിച്ചത്. എന്നാൽ സ്ഥല സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനായില്ല. ഇതെല്ലാം നീക്കി ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് മഞ്ചേരി കരുവമ്പ്രത്ത് നിർമ്മിക്കുന്ന സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഓഫീസ് നിർമ്മാണം നടക്കുന്നത്. ആദ്യം ഗ്രൗണ്ട് ഫ്ളോറും ഒന്നാംനിലയും തറ നിർമ്മാണം പൂർത്തിയാക്കി ഒന്നാം നിലയുടെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ഗ്രൗണ്ട് ഫ്‌ളോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപകൽപന ചെയ്തത്. ഇപ്പോൾ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയും ഒന്നാം നിലയും നിർമ്മിക്കും.ഇതിലെ വൈദ്യുതീകരണ പ്രവൃത്തിയും പൂർത്തിയാക്കും. പിന്നീട് രണ്ടാംനിലയുടെ നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാനാണ് തീരുമാനം. 2025 ജനുവരി മാസത്തോടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറാമെന്നാണ് പ്രതീക്ഷ