vote

മലപ്പുറം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമായ 26 വെള്ളിയാഴ്ച മുസ്‌ലിം പള്ളികളിലെ ജുമുഅ ഖുത്തുബ (ഉദ്ബോധന മതപ്രസംഗം)​ വെട്ടിച്ചുരുക്കുന്ന അത്യപൂ‌ർവ്വ നടപടിയുമായി മുസ്‌ലിം സംഘടനകൾ. മുക്കാൽ മണിക്കൂർ വരെയുള്ള ഖുത്തുബ പത്ത് മിനിറ്റിലേക്ക് ചുരുക്കി ജുമുഅ നമസ്കാരം പൂർത്തിയാക്കും. എല്ലാവർക്കും വോട്ടിടാനുള്ള അവസരംഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ പറഞ്ഞു.

അന്ന് ഒരുപള്ളിയിൽ തന്നെ ഒന്നിലധികം ജുമുഅ നമസ്കാരമെന്ന ആലോചനയുമുണ്ട്. ഒരു പ്രദേശത്ത് ഒന്നിലധികം പള്ളികൾ ഉണ്ടെങ്കിൽ ഓരോയിടത്തും വ്യത്യസ്ത സമയങ്ങളിൽ ജുമുഅ നമസ്കാരം ക്രമീകരിക്കും. 12.45, ഒരു മണി, 1.15 എന്നിങ്ങനെ സമയം മാറ്റുമ്പോൾ വോട്ടെടുപ്പിലും നമസ്കാരത്തിലും എല്ലാവ‌ർക്കും പങ്കെടുക്കാനാകും .

ജുമുഅയുടെ പേരു പറഞ്ഞ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രയാസമുണ്ടാകരുതെന്നാണ് സംഘടനകളുടെ നിലപാട്. ഇലക്ഷൻ ബൂത്ത് ഏജന്റുമാർ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ വോട്ടും രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യതയാണെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം പള്ളി ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.