
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫിന് ഉജ്ജ്വല വിജയം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ വിസ്മയകരമായ മാറ്റം ഈ തിരഞ്ഞെടുപ്പിലുണ്ടാവും. രാജ്യത്തുടനീളം കോൺഗ്രസിന് അനുകൂലമായ നിശബ്ദമായ തരംഗമുണ്ട്.
ലക്ഷ്യം രാഹുൽ
നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും ലക്ഷ്യം രാഹുൽഗാന്ധിയാണ്. 2014 മുതൽ രാഹുൽഗാന്ധിയെ വ്യക്തിഹത്യ ചെയ്യാൻ ബി.ജെ.പി നടത്തുന്ന പദ്ധതികൾ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ ആവർത്തിക്കുന്നു. രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് മോദി പറഞ്ഞത്. ഇന്ന് അതേ വാചകം മുഖ്യമന്ത്രിയും ആവർത്തിക്കുന്നു. ആര് എവിടെ മത്സരിക്കണമെന്നും പ്രചാരണം എങ്ങനെയാവണമെന്നും തീരുമാനിക്കുന്നത് അതത് പാർട്ടികളാണ്. കോൺഗ്രസ് കൊടി പിടിക്കണോ പ്ലക്കാർഡ് പിടിക്കണോ എന്ന് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ഓഫീസിൽ നിന്നല്ല തീരുമാനിക്കേണ്ടത്.
സമനില തെറ്റി
നവകേരള സദസ്സിന്റെ സമയത്ത് വി.ഡി.സതീശന്റെ സമനില തെറ്റിയെന്ന് ഒൻപത് തവണയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരുകോടി ജനങ്ങൾക്ക് ഏഴ് മാസമായി പെൻഷൻ നൽകാതെയാണ് മുഖ്യമന്ത്രി നടക്കുന്നത്. പണം നൽകാത്തതിനാൽ സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ല. 1,500 കോടി കുടിശ്ശികയാക്കിയതിനാല്‍ കാരുണ്യ കാര്‍ഡ് സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്നില്ല. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ല. 40,000 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുണ്ട്. ഇതിനയെല്ലാം വിമര്‍ശിക്കുമ്പോഴാണ് എന്റെ സമനില തെറ്റിയെന്നു മുഖ്യമന്ത്രി പറയുന്നത്.
കള്ളം ആവർത്തിക്കുന്നു
പൗരത്വ നിയമം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് എം.പിമാർ ചർച്ചയിൽ പങ്കെടുത്തില്ലെന്ന നുണയാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ഡോ.ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തതിന്റെ വീഡിയോ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. ബിൽ പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്തായിരുന്നെന്നും കോൺഗ്രസ് വേട്ട് ചെയ്തില്ലെന്നുമായിരുന്നു അടുത്ത നുണ. ഇതിന് മറുപടിയായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തതിന്റെ പാർലമെന്റ് രേഖകൾ അയച്ചുകൊടുത്തു. 2019 മുതൽ കോൺഗ്രസ് പൗരത്വ നിയമത്തെ എതിർക്കുകയാണ്. പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 35 ദിവസവും മുഖ്യമന്ത്രി നുണ ആവർത്തിക്കുകയാണ്.
ചീറ്റിപ്പോയ നുണ ബോംബ്
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ കൊണ്ടുവന്ന നുണ ബോംബ് ചീറ്റിപ്പോയി. സ്ഥാനാർത്ഥി കൊടുത്ത പരാതിയുടെ പകർപ്പ് എന്റെ പക്കലുണ്ട്. മോർഫ് ചെയ്ത വീഡിയോ ഇല്ലെന്നാണ് ഇപ്പോൾ പറയുന്നത്. സ്ഥാനാര്‍ത്ഥി പൊലീസിന് നല്‍കിയ പരാതിയില്‍ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എവിടെ വീഡിയോ എന്ന് ചോദിച്ചപ്പോൾ പോസ്റ്റർ ആണെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നു പറഞ്ഞ് വൈകാരികമായ തരംഗമുണ്ടാക്കാൻ വേണ്ടിയുള്ള നുണ ബോംബായിരുന്നു ഇത്. ഇതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായത് കോൺഗ്രസാണ്.
ബി.ജെ.പി നേട്ടത്തിനോ?
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയായിരുന്നോയെന്ന് സംശയമുണ്ട്. പക്ഷെ ബി.ജെ.പിക്ക് അവിടെ ഒരു നേട്ടവും ഉണ്ടാകില്ല. തൃശൂരിൽ യു.ഡി.എഫ് വിജയിക്കും. രണ്ട് മന്ത്രിമാർ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വൃത്തികേടുകളൊക്കെ നടന്നത്. പൂരം തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മതേതര ഉത്സവമാണ്. ഹൈക്കോടതി എല്ലാ തർക്കങ്ങളും തീർത്തതുമാണ്. എന്നിട്ടാണ് മനപ്പൂർവം അലങ്കോലപ്പെടുത്തിയത്. ഇപ്പോൾ കമ്മിഷണർ മാത്രമാണ് കുറ്റക്കാരൻ. രണ്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന സംഭവത്തിൽ കമ്മിഷണർ മാത്രം എങ്ങനെയാണ് കുറ്റക്കാരനാകുന്നത്.
ഇന്ത്യയോട് യോജിക്കാതെ ഇടത്
ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്നതാണ് പുതിയ മുദ്രാവാക്യം. ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് യോജിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചു. സംഘപരിവാർ ശക്തികളെക്കാൾ കൂടുതൽ ഗാന്ധിജിയെയും നെഹ്റുവിനെയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ പതാക പാർട്ടി ഓഫീസിൽ ഉയർത്താൻ പോലും സി.പി.എം തീരുമാനിച്ചത്.
മോദിക്കെതിരായാൽ കേസ്
മോദി ഇലക്ട്രൽ ബോണ്ട് വാങ്ങിയെന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മോദിയെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. മോദിക്കെതിരെ പറഞ്ഞാൽ പിണറായി വിജയന്റെ പൊലീസ് കേസെടുക്കും. അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ആർക്കും എന്തുമാവാം.