കാളികാവ്: വിള ഇൻഷ്വറൻസ് നഷ്ടപരിഹാരം ലഭിക്കാതെ കർഷകർ ദുരിതത്തിൽ. പ്രകൃതിക്ഷോഭത്തിനിരയായി കൃഷി നശിച്ചവർക്കാണ് മൂന്നു വർഷമായി തുക ലഭിക്കാതെ കഷ്ടത്തിലായത്. നേരത്തെ ഇൻഷ്വറൻസ് ഇല്ലെങ്കിലും പ്രകൃതി ക്ഷോഭത്തിൽ കടുത്ത നഷ്ടം നേരിട്ടിരുന്ന കർഷകർക്ക് കൃഷി വകുപ്പ് മുഖേന അൽപ്പാശ്വാസമായി നഷ്ടപരിഹാരം ലഭിച്ചിരുന്നു.എന്നാൽ 2017 മുതൽ ഇത് പാടെ നിർത്തലാക്കി.പകരം ഇൻഷ്വർ ചെയ്യുന്ന വിളകൾക്ക് മാത്രം നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു.എന്നാൽ വൻ തുക ഇൻഷ്വറൻസ്പ്രീമിയം അടച്ച് കൃഷി നശിച്ച് കാത്തിരുന്നവർക്കും ഇപ്പോൾ തുക ലഭിക്കുന്നില്ല.
പ്രകൃതി ക്ഷോഭത്തിലൂടെ നശിക്കുന്ന കൃഷിയുടെ പകൃതി നഷ്ടം പോലും ഇൻഷ്വറൻസ് പരിരക്ഷയിലൂടെ ലഭിക്കുന്നില്ല.എന്നിട്ടും നിയമ പരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ കാരണം കൊണ്ടു തന്നെ പലകർഷകരും ഇപ്പോൾ വിള ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുന്നില്ല.മാത്രവുമല്ല വിള ഇൻഷ്വറൻസ് എന്ന പദ്ധതിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ട അവസ്ഥയാണിപ്പോൾ. ഈ വർഷത്തെ കടുത്ത ചൂടിലും വരൾച്ചയിലും നൂറുകണക്കിന് കർഷകരുടെ വാഴ,പച്ചക്കറികൾ,നെല്ല് എന്നിവ ഉണങ്ങിപ്പോയി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.എന്നാൽ ഇതിൽ പത്തു ശതമാനം കർഷകർ പോലും വിള ഇൻഷ്വർ ചെയ്തിട്ടില്ല.കാരണം നഷ്ട പരിഹാര ലഭ്യതയുടെ കാല താമസം തന്നെയാണ്.

കർഷകരുടെയും ഭക്ഷ്യഭദ്രതയുടെയും കാര്യത്തിന് മുൻതുക്കം നൽകി ഇൻഷ്വറൻസ് തുക യഥാ സമയം ലഭ്യമാക്കാൻ നടപടി വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.