മലപ്പുറം: പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വോട്ടില്ല. പൊന്നാനി നിയോജക മണ്ഡലങ്ങളിൽ ഡ്യൂട്ടിക്ക് ചുമതലുള്ള 30 ഓളം ഉദ്യോഗസ്ഥർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിയാതെ വന്നത്. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും, സമീപ ജില്ലകളിൽ നിന്നും പോളിംഗ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പൊന്നാനി എ.വി ഹൈസ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയവരിൽ 30 ഓളം പേർക്കാണ് വോട്ട് ചെയ്യാൻ കഴിയാതെ പോയത്. സ്‌കൂൾ അദ്ധ്യാപകരാണ് ഇതിൽ ഭൂരിഭാഗവും. മിക്കവരുടെയും പേരുകൾ പുറത്ത് പതിച്ച ലിസ്റ്റിലുണ്ടായിരുന്നെങ്കിലും, അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്നതാണ് പരാതി.
ഡ്യൂട്ടിക്കായുള്ള ലിസ്റ്റ് സമർപ്പിച്ചിരുന്നവർക്കാണ് അവസാന നിമിഷം വോട്ടില്ലെന്ന് മനസിലായത്. തുടർന്ന് പലരും ചുമതലയുള്ള തിരഞ്ഞെടുപ്പ് വരണാധികാരിയെ സമീപിച്ചെങ്കിലും, ജില്ല കളക്ടറെ വിവരമറിയിച്ചെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മണിക്കൂറുകളോളം കാത്തു നിന്നിട്ടും തീരുമാനമാവാത്തതിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനാകാതെ ഉദ്യോഗസ്ഥർ തങ്ങൾക്ക് ചുമതലയുള്ള പോളിംഗ് സ്‌റ്റേഷനുകളിലേക്ക് മടങ്ങി. ജനാധിപത്യ പ്രക്രിയയിൽ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്ന ഉദ്യോഗസ്ഥരാണ് സ്വന്തം വോട്ട് രേഖപ്പെടുത്താനാകാതെ നിരാശയോടെ മടങ്ങിയത്‌.