jjjj

മലപ്പുറം: ക്യൂവിൽ ആരംഭിച്ച്, ഇഴഞ്ഞും ഒടുവിൽ കത്തിപ്പടർന്നും ജില്ലയിലെ വോട്ടിംഗ് ആവേശം. പോളിംഗ് സമയം അവസാനിച്ചിട്ടും മിക്ക ബൂത്തുകളിലും നിരവധി പേർ വോട്ട് ചെയ്യാനായി കാത്തുനിന്നതോടെ ഇവർക്ക് സ്ലിപ്പുകൾ നൽകി. രാത്രി എട്ടുമണി കഴിഞ്ഞും പല ബൂത്തുകളിലും നീണ്ട നിര അനുഭവപ്പെട്ടു. മുൻ തിര‌ഞ്ഞെടുപ്പുകളിൽ രണ്ട് വോട്ടിംഗ് മെഷീനുകൾ സജ്ജീകരിച്ചിരുന്ന പല ബൂത്തുകളിലും ഇത്തവണ ഒരു മെഷീനാണ് ഉപയോഗിച്ചത്. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് കൂടിയായതോടെ വോട്ടർമാർക്ക് ദുരിതമായി. ഇരുട്ടായതോടെ പല ബൂത്തുകളിലും ലൈറ്റ് സൗകര്യങ്ങൾ ഒരുക്കി. 900ത്തോളം ബൂത്തുകളിലെ വോട്ടിംഗ് പൂർത്തിയാകാൻ വൈകി. പോളിംഗ് അവസാനിപ്പിക്കുന്ന ഔദ്യോഗിക സമയപരിധിയായ വൈകിട്ട് ആറിന് പൊന്നാനിയിൽ 65ഉം ​ മലപ്പുറത്ത് 69 ശതമാനവുമായിരുന്നു പോളിംഗ്. സമീപകാലത്തെ ഏറ്റവും കുറവ് പോളിംഗാണിത്.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ തുടക്കം മുതൽ പെരിന്തൽമണ്ണ,​ മങ്കട,​ വേങ്ങര നിയോജക മണ്ഡലങ്ങളിൽ പോളിംഗ് കുറവായിരുന്നു. മലപ്പുറം,​ കൊണ്ടോട്ടി,​ മഞ്ചേരി എന്നിവ മുന്നിട്ടുനിന്നു. സി.പി.എമ്മിന് കൂടുതൽ സ്വാധീനമുള്ള പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് കുറഞ്ഞത് അനുകൂലമായി യു.ഡി.എഫ് വിലയിരുത്തുമ്പോൾ മുസ്‌‌ലിം ലീഗിനോടുള്ള സമസ്തയുടെ അതൃപ്തിയിൽ ലീഗിന് ലഭിക്കുന്ന വോട്ടുകളിൽ നല്ലൊരു പങ്കും പോൾ ചെയ്തില്ലെന്നും എൽ.ഡി.എഫിന്റെ വോട്ടുകൾ കൃത്യമായി ലഭിച്ചെന്നുമാണ് സി.പി.എമ്മിന്റെ വാദം. പൊന്നാനി ലോക്‌സഭ പരിധിയിൽ തവനൂരിലും പൊന്നാനിയിലുമാണ് പോളിംഗ് കുറവ്. രണ്ടിടത്തും എൽ.ഡി.എഫ് എം.എൽ.എമാരാണ്. ലീഗ് എം.എൽ.എമാരുള്ള മണ്ഡലങ്ങളിലടക്കം കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. സമസ്ത- ലീഗ് ഭിന്നത അവസാന നിമിഷത്തിൽ ഏറെ ചർച്ചയായ മണ്ഡലമാണ് പൊന്നാനി.

രാത്രിയും വോട്ടെടുപ്പ്

വേനൽച്ചൂടിനെ പേടിച്ച് വോട്ടിംഗ് ആരംഭിക്കുന്ന ഏഴിന് മുമ്പേ തന്നെ ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ ക്യൂവായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ഇതിന് ആക്കം കൂട്ടി. ആദ്യ മണിക്കൂറിൽ തന്നെ ജില്ലയിൽ വോട്ടിംഗ് ഒരുലക്ഷം പിന്നിട്ടു. ഒമ്പത് മണിയോടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിലമ്പൂർ,​ ഏറനാട്,​ വണ്ടൂർ നിയോജക മണ്ഡലങ്ങളിലും മലപ്പുറത്തും പൊന്നാനിയിലും ഒരുലക്ഷം വോട്ട് പിന്നിട്ടു. സൂര്യന് ചൂട് പിടിച്ചതോടെ വോട്ടർമാരുടെ വരവ് കുറഞ്ഞു. ഉച്ചയ്ക്ക് 12.30ഓടെ 30 ശതമാനം വോട്ടാണ് പെട്ടിയിലായത്. ഉദ്യോഗസ്ഥരുടെ വോട്ടിംഗ് നടപടിക്രമങ്ങൾക്ക് വേഗം പോരെന്ന ആക്ഷേപം പരക്കെ ഉയ‌ർന്നു. പോളിംഗ് തുടങ്ങിയതിന് പിന്നാലെ ജില്ലയിലെ വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീനിൽ തകരാറുകൾ കണ്ടെത്തി. അരമണിക്കൂറിനകം തന്നെ പ്രശ്നം പരിഹരിച്ചു. പൊന്നാനിയിലും തൃപ്പനച്ചിയിലും വോട്ടിംഗ് മണിക്കൂറുകൾ നീണ്ടത് വലിയ പ്രതിഷേധത്തിനിടയാക്കി.

മലപ്പുറത്തും വയനാട്ടിലും പോളിംഗ് സംസ്ഥാന ശരാശരിക്കൊപ്പം നിന്നപ്പോൾ തുടക്കം മുതൽ പൊന്നാനി പിന്നിലായി. ഉച്ച വരെ മലപ്പുറത്തും വയനാട്ടിലും 35 ശതമാനം വോട്ട് പോൾ ചെയ്തപ്പോൾ പൊന്നാനിയിൽ 29 ശതമാനമായിരുന്നു. പിന്നാലെ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മുന്നണികൾ ശ്രമം ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ടോടെയാണ് മലപ്പുറത്തും പൊന്നാനിയിലും വോട്ട് 40 ശതമാനം പിന്നിട്ടത്. ഉച്ചയ്ക്ക് ശേഷം 3.20ഓടെ മലപ്പുറത്ത് പകുതി വോട്ടും പെട്ടിയിലായി. ഈ സമയം 48 ശതമാനമായിരുന്നു പൊന്നാനിയിലെ പോളിംഗ്. വൈകിട്ട് നാലിന് ശേഷമാണ് പൊന്നാനിയിലെ പകുതി വോട്ടുകളും പെട്ടിയിലായത്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഏറനാടായിരുന്നു തുടക്കം മുതൽ പോളിംഗിൽ മുന്നിൽ. കോൺഗ്രസിന്റെ തട്ടകമായ വണ്ടൂർ പിന്നിലും.

പോളിംഗ് കുറഞ്ഞു

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ജില്ലയിൽ പോളിംഗ് തീർത്തും സാവധാനത്തിലായിരുന്നു. സംസ്ഥാനത്ത് മറ്റെല്ലാം മണ്ഡ‌ലങ്ങളിലും അമ്പത് ശതമാനം പോളിംഗ് പിന്നിട്ടപ്പോൾ പൊന്നാനിക്കും മലപ്പുറത്തിനും ഇതു കൈവരിക്കാനായിരുന്നില്ല. അവസാന നിമിഷത്തിൽ സംസ്ഥാന ശരാശരിക്ക് മുകളിലെത്താറുള്ള പതിവ് ഇത്തവണ നടന്നില്ല. 2019ൽ പൊന്നാനിയിൽ 73.46 ശതമാനമായിരുന്നു പോളിംഗ്. മലപ്പുറം 75.06,​ വയനാട് 79.62 എന്നിങ്ങനെ. 70 ശതമാനത്തിന് മുകളിലായിരുന്നു എല്ലാ നിയോജക മണ്ഡലങ്ങളിലേയും പോളിംഗ്.