vvvvvvv

മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും പോളിംഗ് കുറഞ്ഞതിന്റെ കാരണങ്ങൾ തിരയുകയാണ് മുന്നണികൾ. പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.21ലേക്ക് ചുരുങ്ങി. 5.94 ശതമാനത്തിന്റെ കുറവുണ്ട്. പൗരത്വഭേദഗതിയടക്കം വലിയ ചർച്ചയായിട്ടും ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള ഇരുമണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞത് മുന്നണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. പോളിംഗ് കുറഞ്ഞത് യു.ഡി.എഫിനാണ് തിരിച്ചടിയെന്നത് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുമ്പോൾ തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന മറുവാദത്തിലൂടെ ഇതിനെ നേരിടുകയാണ് യു.ഡി.എഫ്. മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കായ സമസ്തയുടെ മനംമാറ്റമാണ് തിരഞ്ഞെടുപ്പിന് ശേഷം ഏറെ ചർച്ചയാവുന്നത്. പൊന്നാനിയിൽ രണ്ടര ശതമാനം സമസ്ത വോട്ട് നഷ്ടപ്പെട്ടതായി കണക്കുകൂട്ടുന്ന ലീഗ് ഇതിന്റെ അലയൊലികൾ മലപ്പുറത്ത് കാര്യമായി പ്രതിഫലിച്ചില്ലെന്ന ആശ്വാസത്തിലാണ്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകൾ ലഭിച്ചത് സമസ്ത വോട്ടിലെ ചോർച്ചയിലൂടെയുള്ള പരിക്ക് കുറച്ചേക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. സമസ്ത വോട്ടുകളുടെ ബഹിഷ്‌കരണം വഴി ലഭിച്ചേക്കാവുന്ന സാദ്ധ്യത ഇതുവഴി മങ്ങിയെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.

പൊന്നാനി ലോക്‌സഭാ മണ്ഡല പരിധിയിൽ തിരൂരങ്ങാടിയിലും താനൂരിലുമാണ് മികച്ച പോളിംഗ്. തിരൂരങ്ങാടിയിൽ 70.53ഉം താനൂരിൽ 70.96 ശതമാനവുമാണ്. ഇരുമണ്ഡലങ്ങളിലും യഥാക്രമം 64.58, 65.69 ശതമാനം എന്നിങ്ങനെയാണ് പുരുഷ വോട്ടർമാരുടെ പോളിംഗ്. അതേസമയം 76 ശതമാനത്തിന് മുകളിലാണ് സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം. മിക്ക മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം പുരുഷ വോട്ടർമാരേക്കാൾ പത്ത് ശതമാനം കൂടുതലാണ്. ഇടതു സ്ഥാനാർത്ഥി കെ.എസ്. ഹംസയേക്കാൾ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനിക്കാണ് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനാവുക എന്ന വിലയിരുത്തലുണ്ട്.

തിരൂരങ്ങാടി ലീഗിന്റെ ശക്തി കേന്ദ്രമാണ്. താനൂർ മന്ത്രി വി.അബ്ദുറഹ്മാന്റെ തട്ടകവും. ഇത് ഇരുപക്ഷത്തിനും ഒരുപോലെ മുന്നേറ്റം അവകാശപ്പെടാനുള്ള വാതിൽ തുറന്നിടുന്നുണ്ട്. കഴിഞ്ഞ തവണ ലീഗിന് വലിയ ഭൂരിപക്ഷമേകിയ കോട്ടക്കൽ, തിരൂർ മണ്ഡലങ്ങളിൽ 69.56, 69.78 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. 2019ൽ 77 ശതമാനമായിരുന്നു കോട്ടക്കലിൽ. തിരൂരിൽ 75.04 ശതമാനവും. ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച ലീഗിനെ അമ്പരപ്പിച്ചിട്ടുണ്ട്. ബൂത്തുകളിലെ വലിയ തിരക്ക് മൂലം പലരും വോട്ടു ചെയ്യാതെ മടങ്ങിയതും സി.പി.എം വോട്ടുകൾ പോൾ ചെയ്യപ്പെടാത്തതുമാണ് കണക്കിൽ പ്രതിഫലിക്കുന്നതെന്നാണ് ലീഗ് നേതൃത്വം പുറമേക്ക് പറയുന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പൊന്നാനി 64.89 ശതമാനവുമായി ഏറ്റവും പിന്നിലാണ്. ഇടതുവോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് വോട്ടുകളിലെ ചോർച്ചയാണ് ഇതിന് കാരണമെന്നുമാണ് സി.പി.എമ്മിന്റെ വാദം. കെ.ടി. ജലീലിന്റെ തവനൂരിൽ 69.18ഉം മന്ത്രി എം.ബി.രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽ 69.48 ശതമാനവുമാണ് പോളിംഗ്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ 14,70,804 വോട്ടർമാരിൽ 10,18,025 പേരാണ് വോട്ട് ചെയ്തത്.

മലപ്പുറത്തും തിരിച്ചടിയോ

മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ് എങ്കിൽ ഇത്തവണ 72.9 ആണ്. 2.59 ശതമാനത്തിന്റെ കുറവുണ്ട്. 14,79,921 പേരിൽ 10,78,891 പേരാണ് വോട്ട് ചെയ്തത്. ലീഗിന്റെ ശക്തികേന്ദ്രമായ കൊണ്ടോട്ടിയിൽ 75.64 ശതമാനമാണ് പോളിംഗ്. 75.04 ശതമാനവുമായി മലപ്പുറത്തും കൂടിയ പോളിംഗുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലേയും മികച്ച പോളിംഗ് ലീഗിന് പ്രതീക്ഷയേകുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയിലെ തിരിച്ചടി ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുമോയെന്ന ആശങ്ക ലീഗ് കേന്ദ്രങ്ങൾക്കുണ്ട്. 69.75 ശതമാനവുമായി ഏറ്റവും പിറകിലാണ് വേങ്ങര. ഇടതിന് വേരോട്ടമുള്ള പെരിന്തൽമണ്ണയിലും മങ്കടയിലും യഥാക്രമം 71.64, 71.18 ശതമാവുമാണ് പോളിംഗ്. ലീഗിന്റെ കേന്ദ്രമായ വള്ളിക്കുന്നിൽ 73.14 ശതമാനമാണ്. മുൻകാലങ്ങളേക്കാൾ ഭൂരിപക്ഷമുണ്ടാവുമെന്ന് ലീഗ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വരെ വിജയിക്കാമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫും പറയുന്നു.

പഴിചാരാൻ കാരണങ്ങേറെ

വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ,​ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ്,​ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം എന്നിങ്ങനെ പോളിംഗ് കുറയാനുള്ള കാരണങ്ങൾ നിരത്തുകയാണ് മുന്നണികൾ. സമസ്ത- മുസ്‌ലിം ലീഗ് ഭിന്നത അവസാന നിമിഷത്തിൽ പൊന്നാനിയിൽ സജീവ ചർച്ചയാക്കാൻ കഴിഞ്ഞത് നേട്ടമായി ഇടതുപക്ഷം കാണുന്നുണ്ട്. ടീം സമസ്ത പൊന്നാനിയുടെ പേരിൽ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ വീഡിയോയിലൂടെ സമസ്ത അണികളെ സ്വാധീനിക്കാനായെന്ന വിലയിരുത്തലിലാണ് ഇടതുക്യാമ്പ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന നിയമ നിർമ്മാണങ്ങളിലടക്കം ലീഗ് എം.പിമാർ ശബ്ദിച്ചില്ലെന്നത് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. മുസ്‌‌ലിം സമുദായത്തിലെ ചിന്തിക്കുന്ന ആളുകളും ഇത്തവണ ലീഗിന് വോട്ട് ചെയ്തില്ല. നിശബ്ദ വോട്ടുകളടക്കം ലഭിച്ചെന്നുമാണ് ഇടതുക്യാമ്പിന്റെ അവകാശവാദം. കാലങ്ങളായി മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർ ഇത്തവണ ലീഗിനെ കൈവിട്ടെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ലീഗ് വോട്ടിൽ ബഹിഷ്‌ക്കരണമുണ്ടായി. ഇടതു വോട്ടുകൾ മുഴുവൻ പോൾ ചെയ്തു. വോട്ടിംഗ് ശതമാനം കുറഞ്ഞാൽ അത് യു.ഡി.എഫിനാണ് നഷ്ടമുണ്ടാക്കുകയെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ് താൻ മത്സരിക്കുന്നെന്ന ഹംസയുടെ അവകാശവാദത്തിന്റെ പൊരുളും പുറത്തുവരേണ്ടതുണ്ട്. സമസ്ത വോട്ടുകൾ പ്രതീക്ഷിച്ചത് പോലെ ഹംസയ്ക്ക് കിട്ടിയില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. സുന്നി വോട്ടുകൾ ഭിന്നിച്ചെങ്കിലും എസ്.ഡി.പി.ഐ, ജമാഅത്തെ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടത് തിരിച്ചയാവുമോയെന്ന ആശങ്ക ഇടത് ക്യാമ്പിനുണ്ട്.

പൊന്നാനിയിലെ പോളിംഗ്

2009 -77.12

2014- 73.92

2019 - 74.98

2024 - 69.04

മലപ്പുറം

2009 - 76.67
2014 - 71.26

2019 - 75.49

2024 - 72.9