
മലപ്പുറം: പൊള്ളുന്ന വെയിലിൽ പാൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതോടെ ജില്ലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. ജനുവരിയിൽ 23.48 ലക്ഷം ലിറ്റർ പാലാണ് സംഭരിച്ചത്. ഫെബ്രുവരിയിൽ ഇത് 22.15 ലക്ഷം ലിറ്ററായി കുറഞ്ഞു. മാർച്ചിൽ 20.92 ലക്ഷം ലിറ്ററായി. ദിവസം ശരാശരി 6,000 ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. 9,500ഓളം ക്ഷീര കർഷകരാണ് ജില്ലയിലുള്ളത്. ഓരോ ദിവസവും ഏകദേശം 72,000 ലിറ്റർ പാൽ സൊറ്റൈറ്റികളിൽ എത്തുന്നുണ്ട്.
കനത്ത ചൂടിൽ പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ക്ഷീരകർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകൾ മിക്കയിടങ്ങളിലും കരിഞ്ഞുണങ്ങിയതും തിരിച്ചടിയായി. അമിതവില കൊടുത്ത് പുറത്ത് നിന്ന് വൈക്കോൽ വാങ്ങേണ്ട സ്ഥിതിയാണിപ്പോൾ. പരിപാലനച്ചെലവ് വർദ്ധിക്കുന്നതിനാൽ ക്ഷീര മേഖല ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 50 കിലോ വരുന്ന കാലിത്തീറ്റ ബാഗിന് 1,550 രൂപയാണ് വില. 1,200 രൂപയിൽ നിന്നാണ് പൊടുന്നനെ വില ഉയർന്നത്. ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് പശുക്കളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നുണ്ട്. വായിൽ നിന്ന് നുരയും പതയും വരുന്ന സാഹചര്യവുമുണ്ട്.
വേണം ശ്രദ്ധ
ബ്ലോക്ക് ലഭിച്ച പാൽ ( ലിറ്റർ)
നിലമ്പൂർ 12.91 ലക്ഷം
കാളികാവ് 6.54 ലക്ഷം
വണ്ടൂർ 7.85 ലക്ഷം
അരീക്കോട് 5.19 ലക്ഷം
പെരിന്തൽമണ്ണ 4 ലക്ഷം
വേങ്ങര 1.29 ലക്ഷം
മങ്കട 1.87 ലക്ഷം
കൊണ്ടോട്ടി 2.88 ലക്ഷം
തിരൂരങ്ങാടി 3.59 ലക്ഷം
പെരുമ്പടപ്പ് 2.76 ലക്ഷം
താനൂർ 2.70 ലക്ഷം
മലപ്പുറം 4.67 ലക്ഷം
തിരൂർ 2.21 ലക്ഷം
പൊന്നാനി 1.98 ലക്ഷം
കുറ്റിപ്പുറം 5.13 ലക്ഷം
2023ൽ ആദ്യ മൂന്ന് മാസം ലഭിച്ച പാലിന്റെ കണക്ക് ( ലിറ്റർ)
ജനുവരി - 25.11 ലക്ഷം
ഫെബ്രുവരി- 21.89 ലക്ഷം
മാർച്ച് - 22.52 ലക്ഷം